കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഒരു പുരുഷനും സ്ത്രീയുമാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് വിവരം. ഇതില്‍ സ്ത്രീ എം ടിയുടെ വീട്ടിലെ ജോലിക്കാരിയാണെന്ന് സംശയമുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
വീട്ടില്‍ മോഷണം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എം ടിയുടെ ഭാര്യ സരസ്വതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രംപതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 22 നും 30 നും ഇടയില്‍ മോഷണം നടന്നതായിട്ടായിരുന്നു സംശയം.
ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പൊലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്ന്, രാത്രി ഒമ്പതരയോടെ എം ടിയുടെ ഭാര്യ വീട്ടില്‍വെച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ധരാത്രിയോടെ കേസെടുക്കുകയായിരുന്നു.