വില്‍പ്പത്രത്തിൽ പ്രിയ നായ ടിറ്റോയും; രത്തൻ ടാറ്റയുടെ സ്വത്തുക്കള്‍ ആര്‍ക്കൊക്കെ?

0

മുംബൈ: ടാറ്റയുടെ എല്ലാം എല്ലാം ആയ രത്തൻ ടാറ്റ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വിട വാങ്ങിയത്. നായകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും ഏറെ പ്രശസ്തമാണ്. അസുഖബാധിതനായ വളർത്തു നായയുടെ അരികിലിരിക്കാൻ വേണ്ടി അദ്ദേഹം ചാള്‍സ് രാജാവിന്റെ ക്ഷണം വരെ തിരസ്കരിച്ചിട്ടുണ്ട് എന്ന വാർത്തകളും പുറത്തു വന്നിരുന്നു.

രത്തൻ ടാറ്റയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ട നായയായിരുന്നു ടിറ്റോ. തന്റെ മരണശേഷവും ടിറ്റോ സുഖമായിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. വില്‍പ്പത്രത്തിലും ടിറ്റോയെപ്പറ്റി പരാമർശിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

ജീവിതകാലം മുഴുവൻ ടിറ്റോയെ നന്നായി പരിചരിക്കണമെന്നാണ് വില്‍പ്പത്രത്തിലുള്ളതെന്നാണ് വിവരം. ടാറ്റയുടെ പാചകക്കാരനായ രാജൻ ഷായാണ് നായയെ പരിചരിക്കുന്നത്. പണ്ട് ടിറ്റോ എന്ന പേരില്‍ അദ്ദേഹത്തിന് വേറൊരു നായയുണ്ടായിരുന്നു. അത് വിടപറഞ്ഞതിന് ശേഷം, അഞ്ചോ ആറോ വർഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ജർമൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട ഈ നായയെ ദത്തെടുത്തത്. അതിന് ടിറ്റോ എന്ന് തന്നെ പേരിടുകയും ചെയ്തു.

രത്തൻ ടാറ്റയുടെ ഉപദേഷ്ടാവും എക്സിക്യുട്ടീവ് അസിസ്റ്റന്റുമായ ശന്തനു നായിഡുവിനെ കുറിച്ചും അദ്ദേഹത്തിന്റെ വില്‍പ്പത്രത്തില്‍ പരാമർശിച്ചിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

10,000 കോടി രൂപയിലധികം വരുന്ന സ്വത്തുക്കളില്‍ ഒരു ഭാഗം സഹോദരൻ ജിമ്മി ടാറ്റ, അർദ്ധസഹോദരിമാർ അടക്കമുള്ളവർക്കും നല്‍കിയിട്ടുണ്ട്. അലിബാഗിലെ 2,000 ചതുരശ്ര അടി ബീച്ച്‌ ബംഗ്ലാവ്, മുംബയിലെ ജുഹു താരാ റോഡിലെ രണ്ട് നില വീട്, 350 കോടി രൂപയില്‍ കൂടുതലുള്ള സ്ഥിരനിക്ഷേപം, 165 ബില്യണ്‍ ഡോളറിന്റെ ടാറ്റയുടെ ഹോള്‍ഡിംഗ് കമ്ബനിയായ ടാറ്റ സണ്‍സിന്റെ 0.83% ഓഹരി എന്നിവ രത്തൻ ടാറ്റയുടെ ആസ്തികളില്‍ ഉള്‍പ്പെടുന്നു. ഒക്‌ടോബർ ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്.

Leave a Reply