തിരുവനന്തപുരം: വെള്ളറടയിൽ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയ ആളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം കൂട്ടപ്പന മുഗൾ സ്വദേശി അതുൽ ദേവാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. പരിക്കേറ്റ വെള്ളറട ചൂണ്ടിക്കൽ സ്വദേശി സുരേഷിനെയാണ് റോഡരികിലെ മുറിയിൽ പൂട്ടിയിട്ട ശേഷം അതുൽ കടന്നുകളഞ്ഞത്.
ഒന്നരമാസങ്ങൾക്ക് മുൻപാണ് സംഭവം. ബൈക്കിടിച്ച് പരിക്ക് പറ്റി റോഡിൽ അവശനിലയിൽ കിടക്കുകയായിരുന്നു സുരേഷ്. പിന്നാലെ പ്രതി സുരേഷിനെ റോഡരികിലെ മുറിയിലേക്ക് മാറ്റി പൂട്ടിയിട്ട ശേഷം പോകുകയായിരുന്നു.
ചികിത്സ ലഭിക്കാതെ സുരേഷ് മുറിക്കുള്ളിൽ കിടന്ന് മരണപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം മുറിക്കുള്ളിൽ നിന്നും അതിരൂക്ഷദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
രാത്രി റോഡ് മുറിച്ച് കടന്ന സുരേഷിനെ ബൈക്ക് ഇടിച്ചിടുന്നതും ബൈക്കിൽ വന്നവർ സുരേഷിനെ തൊട്ടടുത്ത മുറിയിലേക്ക് കൊണ്ട് വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനുപിന്നാലെ അതുൽ ഒളിവിൽ പോവുകയായിരുന്നു. വെള്ളറട സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അതുലിനെ അറസ്റ്റ് ചെയ്തത്. മനപ്പൂർവ്വമുള്ള നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.