ഹരിയാനയിൽ കണ്ടത് കൃത്രിമത്വത്തിൻ്റെ വിജയം’; ഇവിഎം പ്രവർത്തനത്തെ കുറിച്ച് പരാതി ലഭിച്ചെന്ന് കോൺഗ്രസ്

0

ഛണ്ഡീഗഡ്: ഹരിയാനയിൽ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചൂവെന്ന് കോൺ​ഗ്രസ്. ഇവിഎം പ്രവർത്തനത്തെ കുറിച്ചും വോട്ടെണ്ണലിനെ കുറിച്ചും പാർട്ടിക്ക് ​ഗുരുതര പരാതികൾ ലഭിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ നിന്നും പരാതി ലഭിച്ചു. പരാതി സംബന്ധിച്ച് ഹരിയാനയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. വിവരം ശേഖരിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും ഹരിയാനയിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്ഥാനാർത്ഥികൾ വിഷയത്തിൽ ​ഗൗരവമായ ആശങ്കയറിയിച്ചിട്ടുണ്ട്. ഹരിയാനയിൽ ഇന്ന് കണ്ടത് കൃത്രിമത്വത്തിൻ്റെ വിജയമാണ്. ജനഹിതം അട്ടിമറിച്ചതിൻ്റെ ആഘോഷം. ഹരിയാനയിലെ ബിജെപിയുടെ വിജയം സുതാര്യമായ ജനാധിപത്യ പ്രക്രിയയെ പരാജയപ്പെടുത്തുന്നതാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ഹരിയാന തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചിട്ടില്ല. തുടർ നീക്കങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

90ൽ 49 സീറ്റുകളിലാണ് ബിജെപി ഹരിയാനയിൽ വിജയിച്ചത്. കോൺ​ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ആദ്യ ഒന്നര മണിക്കൂറിൽ മുന്നിൽ നിന്ന കോൺഗ്രസ് പൊടുന്നനെ പിന്നിലേക്ക് പോവുകയും ബിജെപി കേവല ഭൂരിപക്ഷത്തിനൊത്ത ലീഡ് നേടുകയുമായിരുന്നു. ഹരിയാനയിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം.

പൂർണമായും ജാട്ട് വോട്ടുകൾ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് ഹരിയാനയിൽ പ്രവർത്തിച്ചത്. ഇതോടെ ബിജെപിക്ക് അനുകൂലമായി ജാട്ട് വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടു. എന്നാൽ ജാട്ട് നേതാവ് ഭൂപിന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസിന് ജാട്ട് വോട്ടുകൾ പൂർണമായും ബാലറ്റിലാക്കാനുമായില്ല. ജാട്ട് ഭൂരിപക്ഷ സീറ്റുകളിൽ 36 എണ്ണത്തിൽ 19 എണ്ണത്തിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 36 ൽ 27 മണ്ഡലങ്ങളിൽ കോൺഗ്രസിന് ഭൂരിപക്ഷം നേടാനായിരുന്നു.

കിഴക്കൻ ഹരിയാനയിലെ അഹിർവാൾ മേഖലയിലെ വോട്ടുകളാണ് 2014 ലും 2019 ലും സർക്കാർ രൂപീകരിക്കാൻ ബിജെപിയെ സഹായിച്ചത്. 11 മണ്ഡലങ്ങൾ ഉൾപ്പെട്ട ഈ മേഖല ബിജെപി തൂത്തുവാരി. നയാബ് സിങ് സയ്നിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായ പ്രചാരണ പരിപാടികൾ ബിജെപിയെ ഹാട്രിക് വിജയത്തിലെത്തിച്ചുവെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പാണ് സയ്നി ഹരിയാനയുടെ മുഖ്യമന്ത്രിയായത്. മനോഹർ ലാൽ ഖട്ടറിന്റെ ജനകീയത നഷ്ടപ്പെടുന്ന സാഹചര്യത്തിലായിരുന്നു സെയ്നിയെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപിയുടെ തീരുമാനം. എളുപ്പം വിജയിക്കാമായിരുന്ന ഗെയിം ശ്രമകരമാക്കി മറുചേരിക്ക് നൽകിയെന്ന വിലയിരുത്തലാണ് ഹരിയാനയിലെ കോൺഗ്രസിന്റെ പരാജയത്തെ പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

Leave a Reply