ഛണ്ഡിഗഡ്: പ്രവർത്തകരുടെ കൈകളിലൂടെ നടന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രവർത്തകരുടെ കയ്യിലൂടെ യാതൊരു മടിയുമില്ലാതെ ജയ് ഭഗവാൻ ശർമയെന്ന സ്ഥാനാര്‍ത്ഥി നടക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി. പെഹോവ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ജയ് ഭഗവാൻ ശർമ. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെത്തിയതായിരുന്നു ശർമ. ഇതിനിടെയാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം.
കാറിലേക്ക് നടക്കുന്ന ശർമയുടെ മുന്നിലേക്ക് മുട്ടുകുത്തിയിരുന്ന് ഇരു കൈകളും നീട്ടിയിരിക്കുന്ന പ്രവർത്തകരാണ് ദൃശ്യങ്ങളിലുള്ളത്. യാതൊരു മടിയുമില്ലാതെ ശർമ ഇവരുടെ കൈകൾക്ക് മുകളിലൂടെ നടക്കുന്നതും കാണാം. കൈകളിലൂടെ നടക്കുന്ന ശർമ വീഴാതിരിക്കാൻ ഇരു വശത്തു നിന്നും അദ്ദേഹത്തെ ചേർത്തുപിടിച്ച് സഹായിക്കുന്നവരെയും ദൃശ്യങ്ങളിൽ കാണാം.
Today’s Task: Find out the name of this BJP leader. pic.twitter.com/oEnrexridb
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിജെപിക്കും ശർമയ്ക്കുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നടക്കാനായി തറയിൽ മുട്ടുകുത്തി കൈകൾ നീട്ടിയിരിക്കുന്ന നേതാക്കളുടെ പ്രവൃത്തിയെ തടയാൻ ശ്രമിക്കാതിരുന്നതാണ് ശർമയ്ക്കെതിരെ ഉയരുന്ന പ്രധാന വിമർശനം.
ശർമ മുന്നോട്ടുവെക്കാൻ ഉദ്ദേശിക്കുന്ന അടിച്ചമർത്തൽ നയമാണ് വീഡിയോയിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ മറ്റ് ചിലരുടെ പ്രതികരണം. നേതാക്കളുടെ ഉത്തരവാദിത്തം അവരെ സംരക്ഷിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയുമാണ്, അവരുടെ മുകളിലൂടെ നടക്കുകയല്ലെന്നും വിമർശനമുണ്ട്. നമ്മുടെ രാജ്യത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും രക്ഷിക്കാൻ നമ്മുടെ പൂർവികർ നിരവധി ത്യാഗങ്ങൾ ചെയ്തു. എന്നാൽ നമ്മൾ ബിജെപിയെ വിജയിപ്പിച്ച് അടിമത്വം വീണ്ടും രാജ്യത്ത് കൊണ്ടുവന്നുവെന്നും ചിലർ കുറിച്ചു.
ആം ആദ്മി പാർട്ടി നേതാവ് ഗെഹൽ സിങ് സന്ധു, കോൺഗ്രസ് നേതാവ് മൻദീപ് ഛാത്ത എന്നിവവരാണ് ഭഗവാൻ ശർമയുടെ എതിർ സ്ഥാനാർത്ഥികൾ. ബിജെപിയുടെ ശക്തി കേന്ദ്രമായ മണ്ഡലമാണ് പെഹോവ. എന്നാൽ ബിജെപിക്കെതിരെ കർഷകരിൽ നിന്നുൾപ്പെടെ ശക്തമായ വിയോജിപ്പ് ഉയരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പാർട്ടിക്ക് നിർണായകമാണ്. കർഷകർ നേരത്തെ ഹരിയാനയിലെ രണ്ട് ബിജെപി സ്ഥാനാർത്ഥികളെ ഓടിച്ചിടുകയും ചെരുപ്പൂരി എറിയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രവർത്തകരുടെ കയ്യിലൂടെ നടക്കുന്ന നേതാവിന്റെ വീഡിയോയും പ്രചരിച്ചത്. അതേസമയം സംഭവത്തിൽ ബിജെപി പ്രതികരിച്ചിട്ടില്ല.
90 മണ്ഡലങ്ങളിലേക്ക് ഇന്നാണ് ഹരിയാന വിധിയെഴുതുക. അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഭരണത്തുടർച്ച നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.