പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പി.വി.അൻവർ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവറിന്റെ പ്രതികരണം. ‘‘വിക്കറ്റ് നമ്പർ 1.. ഒരു പുഴുക്കുത്ത് പുറത്തേക്ക്…’’ എന്നാണ് അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. സ്റ്റംപൗട്ട് ആകുന്നതിന്റെ ചിത്രവും പങ്കുവച്ചായിരുന്നു കുറിപ്പ്.
. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന ഡിജിപിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സുജിത് ദാസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. സുജിത് ദാസിനെതിരെ പി വി അൻവർ എംഎൽഎ നടത്തിയ ഗുരുതര വെളിപ്പെടുത്തലുകൾ വിവാദമായതിന് പിന്നാലെയാണ് നടപടി.
പി.വി.അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു. പൊലീസ് ആസ്ഥാനത്ത് സുജിത് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തസ്തിക നൽകിയിരുന്നില്ല. സുജിത് ദാസിനെ സസ്പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
പി.വി.അൻവർ എംഎൽഎയുമായി, എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്.
‘‘എംഎൽഎ എനിക്കൊരു സഹായം ചെയ്യണം. പരാതി പിൻവലിച്ചാൽ സർവീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25–ാം വയസ്സിൽ സർവീസിൽ കയറിയതാണ്. ആരോഗ്യവും ആയുസ്സുമുണ്ടെങ്കിൽ ഡിജിപി ആയി വിരമിക്കാം. സഹായിച്ചാൽ എന്നും കടപ്പെട്ടവനായിരിക്കും’’– എന്നായിരുന്നു സുജിത് പറഞ്ഞത്. ജില്ലാ പൊലീസ് അസോസിയേഷൻ യോഗത്തിൽ, എസ്.ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമർശനത്തിനു പി.വി.അൻവറിനെ സുജിത് ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.
പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത് ദാസ് അടിച്ചുമാറ്റിയെന്നാണ് ആരോപണം. ‘‘മുൻ മലപ്പുറം എസ്പി സുജിത്ദാസിന്റെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്തു സ്വർണത്തിന്റെ നല്ലൊരു ഭാഗം അടിച്ചുമാറ്റി. നേരത്തേ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന സുജിത് ദാസ് ആ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തി.
സിസിടിവിയുള്ളതിനാൽ കസ്റ്റംസ് പിടിക്കുന്ന സ്വർണത്തിൽ തിരിമറി നടത്താനാവില്ല. അതിനാൽ, സ്വർണം ശ്രദ്ധയിൽപ്പെട്ടാലും കാരിയർമാരെ പിടികൂടാതെ കസ്റ്റംസ് സുജിത് ദാസിന് വിവരം കൈമാറും. എസ്പിക്കു കീഴിലുള്ള അന്വേഷണ സംഘമായ ഡാൻസാഫിനെ ഉപയോഗിച്ച് സ്വർണം പിടികൂടും. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ചു സ്വർണത്തിന്റെ നല്ലൊരു പങ്ക് എടുത്ത ശേഷം ബാക്കിയുള്ളതു കസ്റ്റംസിനു കൈമാറും. ഇതിൽ എഡിജിപി അജിത്കുമാറിനും പങ്കുണ്ട്.’’– അൻവർ പറഞ്ഞു.