”ആരാണ് നിങ്ങളെ തടഞ്ഞത്?” ; ജഗൻ മോഹൻ റെഡ്ഡി യാഥാർത്ഥ്യം മറച്ചുവച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു

0

ഹൈദരാബാദ്: തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള തീരുമാനം ടിഡിപി രാഷ്‌ട്രീയവത്കരിച്ചുവെന്നും, അതിനാൽ ക്ഷേത്രത്തിലേക്കില്ലെന്നുമുള്ള വൈഎസ്ആർ കോൺഗ്രസ് അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപ് ഭഗവാന്റെ വിശ്വാസിയാണെന്ന സത്യവാങ്മൂലം നൽകേണ്ടതുണ്ടെന്നും, എന്നാൽ ഈ യാഥാർത്ഥ്യം മറച്ചുവച്ച് ജഗൻ മോഹൻ റെഡ്ഡി നുണകൾ പ്രചരിപ്പിക്കുകയാണെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.

ടിഡിപിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത നുണകളാണ് ജഗൻ മോഹൻ റെഡ്ഡി പ്രചരിക്കുന്നതെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. ” തിരുപ്പതി തിരുമല ദേവസ്വത്തിന് മതം നോക്കാതെ തന്നെ ഓരോ വ്യക്തികളേയും ബഹുമാനിക്കുന്ന നിയമാവലിയുണ്ട്. ജഗൻ മോഹനോട് ആരും ക്ഷേത്ര ദർശനം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളിൽ ഹിന്ദു വികാരം വ്രണപ്പെട്ടു, ജഗൻ ക്ഷേത്രത്തിലെത്തിയാൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിശ്വാസികൾ പറഞ്ഞു. സമാധാനം സംരക്ഷിക്കേണ്ടത് പൊലീസിന്റെ കടമയാണ്.

എന്തിനാണ് ഈ വിഷയത്തിൽ ജഗൻ മോഹൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. എല്ലാ മതങ്ങൾക്കും അവരുടേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ട്. മുൻപ് പലപ്പോഴും ജഗൻ മോഹൻ തിരുപ്പതിയിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. ഇനിയും അത് തുടരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതൊരിക്കലും ന്യായമല്ല.

നിങ്ങൾ വീട്ടിൽ ബൈബിൾ വായിക്കുമെന്നും മറ്റ് മതങ്ങളെ ബഹുമാനിക്കുമെന്നും പറയുമ്പോൾ തന്നെ ഒരു ഹിന്ദു എന്ന നിലയിൽ തിരുപ്പതി തിരുമല ദേവസ്വത്തിന്റെ ചട്ടങ്ങൾ പാലിക്കേണ്ടതും അത്യാവശ്യമാണ്. ഞാൻ ഒരു മോസ്‌കോ, പള്ളിയോ സന്ദർശിച്ചാൽ അവരുടെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിച്ചുകൊണ്ടായിരിക്കണം അവിടെ പോകേണ്ടതെന്നും” ചന്ദ്രബാബു നായിഡു പറയുന്നു.

Leave a Reply