അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ശനിയാഴ്ച രാവിലെയോടെ വീട്ടിൽ എത്തിക്കും. ഡിഎൻഎ ഫലം വന്നതിനു ശേഷമാകും മൃതദേഹം വിട്ടുകൊടുക്കുക. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.
മൃതദേഹത്തിൽനിന്ന് ഡിഎൻഎ സാംപിൾ ശേഖരിച്ച് ഹൂബ്‌ളി റീജണൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരാൻ 18 മണിക്കൂർവരെ സമയമെടുത്തേക്കാമെന്നാണ് ലാബ് ഡയറക്ടർ അറിയിച്ചതെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം. അഷറഫ് പറഞ്ഞു.
അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.