നെയ്‌റോബി: മുൻ കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയ ഉഗാണ്ടഡയുടെ മാരത്തണ്‍ ഒളിമ്പിക്‌സ് അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗി (33) ചികിത്സയിലിരിക്കെ മരിച്ചു.
കെനിയയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ദേഹത്ത് 80 ശതമാനം പൊള്ളലേറ്റിരുന്നു. പാരീസ് ഒളിമ്പിക്‌സില്‍ മാരത്തണില്‍ പങ്കെടുത്ത താരമായിരുന്നു റെബേക്ക.
ഭൂമിയിടപാടുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസത്തിനിടെ ഞായറാഴ്ചയാണ് കാമുകന്‍ ഡിക്സണ്‍ എന്‍ഡീമ, റെബേക്കയെ പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിനു പിന്നാലെ റെബേക്കയെ എല്‍ഡോറെറ്റ് നഗരത്തിലെ മോയി ടീച്ചിങ് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കാമുകന്‍ എന്‍ഡീമയ്ക്കും പൊള്ളലേറ്റിരുന്നു.
ഇയാളും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ അപലപിച്ച ഉഗാണ്ട അത്‌ലറ്റിക്‌സ് ഫെഡറേഷന്‍, റെബേക്കയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.