തിരുവനന്തപുരം: ആശങ്കയായി തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. മൂവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
നാവായിക്കുളം സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസത്തിനിടെ രോഗബാധിതരുടെ എണ്ണം 14 ആയി. പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെേ അലംഭാവമാണ് രോഗബാധ വ്യാപിക്കാൻ കാരണമെന്ന ആക്ഷേപം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. അത്യപൂർവമായി മാത്രം കാണപ്പെടുന്ന രോഗം കേരളത്തിൽ സ്ഥിരമാവുകയാണ്. ലോകത്താകെ 381 പേർക്ക് മാത്രമേ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം പകരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും മലിനമായ ജലാശയങ്ങൾ വൃത്തിയാക്കിയിട്ടില്ല. രോഗം സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾക്കും സർക്കാർ മുതിരുന്നില്ല. സർക്കാരിന്റെ അലംഭാവങ്ങൾ ജനങ്ങളുടെ ജീവനാണ് തുലാസിലാക്കുന്നത്. 97 ശതമാനം മരണനിരക്കുള്ള രോഗത്തെയാണ് സർക്കാരും ആരോഗ്യ വകുപ്പും അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നത്.