‘കോമ്രേഡ് റെഡ് സല്യൂട്ട്’; പുഷ്പന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ആയിരങ്ങള്‍

0

കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന് യാത്രാമൊഴി. ആയിരങ്ങളാണ് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാനെത്തിയത്. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് അടുത്തുള്ള മേനപ്രത്തെ വീടിന് സമീപം പുഷ്പന്റെ മൃതദേഹം സംസ്‌കരിച്ചു.

കൂത്തുപറമ്പ് രക്ത സാക്ഷി സ്തൂപം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുഷ്പന്റെ ഭൗതിക ശരീരം തലശേരിയില്‍ നിന്നുമെത്തിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് അവസാനമായി പുഷ്പനെ സ്വീകരിച്ചത്.

തുടര്‍ന്ന് നടന്ന പൊതുദര്‍ശനത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ അമ്മയും പുഷ്പനെ അവസാനമായി ഒരു നോക്ക് കാണാനെത്തി. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന പുഷ്പന്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, കെ വി സുമേഷ് എംഎല്‍എ , കെ പി മോഹനന്‍, എം വി ജയരാജന്‍, ടി വി രാജേഷ് തുടങ്ങിയവര്‍ പൊതുദര്‍ശന ചടങ്ങില്‍ പങ്കെടുത്തു. കൂത്തുപറമ്പ് – തലശേരി റോഡിലെ ആലക്കണ്ടി കോംപ്ലക്‌സിന് മുമ്പിലാണ് പുഷ്പന് മറ്റുള്ളവര്‍ക്കൊപ്പം വെടിയേല്‍ക്കുന്നത്.

Leave a Reply