അൻവറിന്റേത് വൃത്തികെട്ട ഭാഷ; ആരോപണങ്ങള്‍ തള്ളി തോമസ് ഐസക് രംഗത്ത്

0

തിരുവനന്തപുരം: പി.വി അൻവർ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി സിപിഎം നേതാവ് തോമസ് ഐസക് രംഗത്ത്. പാർട്ടിയും മുന്നണിയും നന്നാകണമെന്ന ഉദ്ദേശമുള്ളവരുടെയല്ല, അവയെ തകർക്കണമെന്ന ഉദ്ദേശമുള്ളവരുടെ കരുവായിട്ടാണ് അൻവർ പ്രവർത്തിക്കുന്നത് എന്നാണ് ഐസക്കിന്റെ പ്രതികരണം.ഫേസ്ബുക്കി ലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്

“എത്ര വൃത്തികെട്ട ഭാഷയിലാണ് ഇന്നലത്തെ പത്രസമ്മേളനത്തില്‍ അൻവർ നിങ്ങള്‍ സംസാരിച്ചത്. നിങ്ങള്‍ എതിർത്തു പറഞ്ഞ അതേ മാദ്ധ്യമ ഭാഷ നിങ്ങള്‍ ഏറ്റെടുത്തു. എത്ര വൃത്തികെട്ട രീതിയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പാർട്ടി സഖാക്കളെയും ശത്രുക്കള്‍ക്ക് മുന്നില്‍ കടിച്ചുകീറാൻ നിങ്ങള്‍ ഇട്ടുകൊടുത്തത്. ഇന്നത്തെ പല പത്രങ്ങളും തലക്കെട്ടായി വിശദീകരിച്ചിട്ടുള്ളതുപോലെ അൻവറിന്റെ യഥാർത്ഥ ഉന്നം മുഖ്യമന്ത്രിയാണ്. പാർട്ടി നല്ലത്. മുഖ്യമന്ത്രി മോശം. എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതായിരുന്നു തുടക്കം മുതലുള്ള അൻവറിന്റെ യഥാർത്ഥ ഉന്നം”.

“മുഖ്യമന്ത്രിയുടെയും പാർട്ടി നേതൃത്വത്തിന്റെയും വിശ്വാസ്യതയെ തകർക്കുക. ഇതുവഴി പാർട്ടിയെ ദുർബലപ്പെടുത്തുകയെന്നതാണ് അൻവറിന്റെ തന്ത്രം. ഇതൊരു ദിവാസ്വപ്നം മാത്രമാണ്. കേരളത്തിലെ പാർട്ടി ഒറ്റക്കെട്ടായി എങ്ങനെ ഈ വെല്ലുവിളിയെ നേരിടുമെന്ന് വരും ദിവസങ്ങളില്‍ കാണാൻ പോവുകയാണ്. അൻവർ ഒരു കാര്യം മനസിലാക്കുക. ശത്രുക്കളുമായി കൂടിച്ചേർന്ന് സിപിഎമ്മിനെ തകർത്തുകളയാമെന്ന വ്യാമോഹമാണ് താങ്കള്‍ക്ക് ഉണ്ടായിട്ടുള്ളത്. അൻവറിന്റെ കണക്കു കൂട്ടലുകള്‍ എന്തു തന്നെയായാലും അത് തെറ്റുമെന്ന് ഉറപ്പാണ്”

Leave a Reply