കോഴിക്കോട്: എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജന്‍ ആത്മകഥയെഴുതുന്നു. രാഷ്ട്രീയ ജീവിതത്തിലുണ്ടായ വിവാദങ്ങളും ആത്മകഥയിലുണ്ടാവുമെന്നാണ് സൂചന. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇ പിയെ നീക്കിയിരുന്നു.
ബിജെപിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന തെരഞ്ഞെടുപ്പ് ദിനത്തിലെ തുറന്നുപറച്ചില്‍ ഇപി ജയരാജന് കനത്ത വെല്ലുവിളിയായിരുന്നു. ഈ വിവാദവും ഇ പിക്ക് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി.അതേസമയം ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റിയെങ്കിലും അച്ചടക്ക നടപടി ഉണ്ടാകാന്‍ സാധ്യത കുറവാണ്. സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സി പി എമ്മിന്റെ ചട്ടം. നടപടി വേണമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയേണ്ടി വരും. മെയില്‍ 75 വയസ്സ് പൂര്‍ത്തിയാകുന്ന ഇപി ജയരാജനെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റിയത് പാര്‍ട്ടിയുടെ അച്ചടക്ക നടപടിയല്ല എന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. ജയരാജന്‍ കേന്ദ്ര കമ്മിറ്റിയില്‍ തുടരുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.