കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ താത്ക്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള വാടക ഓണത്തിന് മുമ്പ് നൽകുമെന്ന് റെവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ചുണ്ടേൽ സ്കൂളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
താത്ക്കാലിക വീടുകളിൽ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക തുക ബാങ്ക് അക്കൗണ്ടുകൾ മുഖേന നൽകുന്നതിന് വൈത്തിരി താലൂക്ക് ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ വിവരങ്ങൾ അടങ്ങിയ പുതിയ ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. വൈത്തിരി താലൂക്കിലെ ജപ്തി നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ലോണുകൾ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതരോട് സംസാരിച്ചിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി.
അടിയന്തര സഹായമായി നൽകുന്ന 10000 രൂപ വീതം 931 കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്. ധനസഹായം നൽകാനുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ ഓണത്തിനകം ലഭ്യമാക്കും.
ഒരു മാസം 300 രൂപ വീതം നൽകുന്ന സർക്കാരിൻ്റെ നയപ്രകാരം 829 കുടുംബങ്ങൾക്കും ഒരു കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ വീതം 706 കുടുംബങ്ങൾക്കും നൽകിയതായി മന്ത്രി വ്യക്തമാക്കി.