മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇത്തരം ദുരനുഭവങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിച്ച് നിരവധി പേരാണ് എത്തിയത്.
സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷാണ് ഇപ്പോൾ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമകള്‍ നഷ്ടപ്പെട്ടുവെന്നാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്.
‘സ്ത്രീകള്‍ മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുത്. കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാം. എനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ തുടക്കക്കാലത്ത്. അതൊന്നും സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. കാസ്റ്റിംഗ് കൗച്ച് നടത്തിയ ആളെ ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത്. സിനിമ മേഖലയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് തന്നെ മാറിമറിയാം.
അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ നിവിൻ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നത്. അതിപ്പോള്‍ തെറ്റായ ആരോപണമാണെന്നൊക്കെ മനസിലായി വരുന്നു. ഇതിലൂടെ തന്നെ മനസിലാകും സ്ത്രീകള്‍ മാത്രമല്ല പുരുഷൻമാർ കൂടി ഇരകളാകുമെന്ന്. സത്യമായ കേസില്‍ ഇരകള്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. പക്ഷെ നിവിൻ ചേട്ടന്റെ കേസിലൊക്കെ വിഷമമുണ്ട്. ഞാനും ഒരു തവണ ഇരയായത് ആണ്. ഇങ്ങനെ വിശ്വസിക്കാൻ പറ്റാത്തതും അല്ലെങ്കില്‍ നമ്മള്‍ വിശ്വസിക്കാൻ താത്പര്യപ്പെടാത്തതും നടക്കുമ്പോള്‍ നമ്മുക്കൊരു അത്ഭുതം തോന്നിയേക്കും. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമ്മുക്ക് വ്യക്തത തരേണ്ടത് എന്നും നടൻ പറഞ്ഞു.