തിരുവനന്തപുരം: മാതാപിതാക്കളുമായി പിണങ്ങി കഴക്കൂട്ടത്തു നിന്ന് കാണാതായി വിശാഖപട്ടണത്തു കണ്ടെത്തിയ അസം ബാലിക സ്കൂളില്‍ പോവാനൊരുങ്ങുന്നതായി റിപ്പോർട്ട്.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള 13കാരി രണ്ട് ദിവസത്തിനകം സ്കൂളില്‍ പോയി തുടങ്ങുമെന്ന് ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു.
ഏഴാം ക്ലാസിലേക്കാണ് കുട്ടിയെ ചേർത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഓഗസ്റ്റ് 20ന് ആണ് മാതാപിതാക്കളുമായി പിണങ്ങി പെണ്‍കുട്ടി വീടുവിട്ടത്.
നീണ്ട അന്വേഷണത്തിനൊടുവില്‍ വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആദ്യം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ സംരക്ഷണയില്‍ കഴിഞ്ഞ കുട്ടിക്ക് ഒരാഴ്ച കൗണ്‍സലിങ് നല്‍കിയിരുന്നു.
അത് കഴിഞ്ഞും കുട്ടി മാതാപിതാക്കക്കൊപ്പം പോകാൻ വിസമ്മതിച്ചതോടെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
കുട്ടിയെ ബലമായി കൊണ്ടുപോകാനുള്ള മാതാപിതാക്കളുടെ ശ്രമം അധികൃതർ തടഞ്ഞു. കുട്ടിയെ ഏറ്റെടുക്കുന്ന വിവരം സാമൂഹിക നീതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്.