കശ്മീർ: ജമ്മു കശ്മീരിനും വികസനത്തിനുള്ള അവകാശങ്ങൾ ഉണ്ടെന്നും, ഡബിൾ എഞ്ചിൻ സർക്കാരിലൂടെ മാത്രമേ മേഖലയിൽ വികസനം കൈവരിക്കാൻ സാധിക്കുകയുള്ളു എന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാംനഗറിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 7.5 വർഷമായി യുപിയിൽ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും, സമാധാനപരമായ അന്തരീക്ഷത്തിലാണ് ജനങ്ങൾ മുന്നോട്ട് പോകുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
” കഴിഞ്ഞ 7.5 വർഷമായി യുപിയിൽ കലാപങ്ങൾ ഉണ്ടാകുന്നില്ല. ആഘോഷങ്ങളും ഉത്സവങ്ങളും ജനങ്ങൾ സമാധാനത്തോടെ കൊണ്ടാടുന്നു. യുപിയിൽ ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിലുള്ള വികസന പ്രവർത്തനങ്ങൾ സാധ്യമായി. ഏതൊരാൾക്കും ഇത് വ്യക്തമായി കാണാം. യുപിയിലേത് പോലെയുള്ള വികസനത്തിന് ജമ്മു കശ്മീരിനും അവകാശമുണ്ട്.
അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നത് ഈ സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ്. രാമക്ഷേത്രം പണിതാൽ ചോരപ്പുഴയൊഴുകുമെന്ന് ചിലർ ഭീഷണി മുഴക്കി. എന്നാലിത് പുതിയ ഇന്ത്യയാണ്. അത് എപ്രകാരം സംരക്ഷിക്കണമെന്ന് ഈ സർക്കാരിന് അറിയാം. കോൺഗ്രസും പിഡിപിയും നാഷണൽ കോൺഫറൻസുമെല്ലാം അവരുടെ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവരാണ്. അവർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിൽ വികസനം സാധ്യമായി. ഭീകരത നിറഞ്ഞ ഇടത്തിൽ നിന്ന് ടൂറിസത്തിന് പ്രാധാന്യം നൽകുന്ന സ്ഥലമായി മാറി. ജനങ്ങൾ ഇവിടെ ഭയമില്ലാതെ സഞ്ചരിക്കുന്നു.
ഇന്നിപ്പോൾ കശ്മീരിൽ മികച്ച റോഡുകൾ വരുന്നു. ഐഐടിയും ഐഐഎമ്മും എയിംസും വരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ പാലം ഇവിടെയാണ്. ഇപ്രകാരം ഓരോ മേഖലയിലും വികസനം സാധ്യമായി വരികയാണ്. എന്നാൽ എങ്ങനെയെങ്കിലും കശ്മീരിനെ പഴയ അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. പാകിസ്താനും ഇതേ ആവശ്യം ഉയർത്തുന്നു. കശ്മീർ വിഷയത്തിൽ തങ്ങളുടേതും കോൺഗ്രസിന്റേയും ഒരേ ശബ്ദമാണെന്ന് അവർ പരസ്യമായി തന്നെ പറയുന്നുണ്ടെന്നും” യോഗി ആദിത്യനാഥ് വിമർശിച്ചു.