ന്യൂഡൽഹി: ഭാരതത്തെ സെമി കണ്ടക്ടർ മേഖലയിലെ ഹബ്ബാക്കി മാറ്റുന്നുള്ള ശ്രമങ്ങൾക്ക് പൊൻതൂവൽ. ടാറ്റ സൺസിന്റെയും തായ്‌വാൻ ആസ്ഥാനമായുള്ള പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷന്റെയും (പിഎസ്എംസി) നേതൃത്വസംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ഭാവി പരിപാടികൾ സംബന്ധിച്ചായിരുന്നു ചർച്ച.
പിഎസ്എംസിയുടെ പങ്കാളിത്തത്തോടെ ഗുജറാത്തിലെ ധോലേരയിൽ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി (ഫാബ്) നിർമ്മിക്കാൻ ടാറ്റ സൺസിന്റെ ആവശ്യത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. 91,000 കോടി രൂപയുടെ നിക്ഷേപമാകും മേഖലയിൽ വിനിയോഗിക്കുക. നേരിട്ടും അല്ലാതെയും ഇത് രാജ്യത്ത് 20,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ആഗോള അർദ്ധചാലക വ്യവസായത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ടാറ്റാ സൺസ്.
ടാറ്റാ സൺസിന്റെ ഉപസ്ഥാപനമായ ടാറ്റാ ഇലക്ട്രോണിക്സ് പിഎസ്എംസിയുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ എഐ ഫാബ് യാഥാർത്ഥ്യമാക്കും. ഫാക്ടറി കാര്യക്ഷമത കൈവരിക്കാനായി ഡാറ്റാ അനലിറ്റിക്സും മെഷീൻ ലേണിംഗും വിന്യസിക്കും. ഓട്ടോമോട്ടീവ്, കമ്പ്യൂട്ടിംഗ്, ഡാറ്റാ സ്റ്റോറേജ്, വയർലെസ് കമ്മ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ മേഖലകളിലേക്ക് ആവശ്യമായ ചിപ്പുകളാകും ഫാബിൽ നിർമിക്കുക.