ഗൂഡല്ലൂരിൽ മലയാളികളെ പിഴിയുന്ന തമിഴ്നാട് പോലീസ് മീഡിയ മലയാളം ഇൻവസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ഒളികാമറയിൽ കുടുങ്ങി. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഗൂഡല്ലൂർ ചെക് പോസ്റ്റിലാണ് സംഭവം.
ഇവിടെ ഡ്യൂട്ടിക്ക് നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് കൈമടക്ക് നൽകാതെ കേരള രജിസ്ട്രേഷനിലുള്ള ഒരു വാഹനത്തിനും അതിർത്തി കടക്കാനാവില്ല. മീഡിയ മലയാളത്തിൻ്റെ നിരവധി വായനക്കാരാണ് പരാതിയുമായി ഞങ്ങളെ സമീപിച്ചത്.
പരാതിയുടെ നിജസ്ഥിതി അറിയാനാണ് മീഡിയ മലയാളം എക്സിക്യൂട്ടീവ് എഡിറ്റർ പോളി വടക്കനും സംഘവും ഗൂഡല്ലൂരിലേക്ക് യാത്ര നടത്തിയത്. വായനക്കാർ പറഞ്ഞതുപോലെ തന്നെ ചെക്ക് പോസ്റ്റിൽ വാഹനം തടഞ്ഞു.
https://youtu.be/PT5sgwZZHpU?si=fb5LfdnxpRV0-aDt
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വാഹനത്തിൻ്റെ രേഖകൾ ചോദിച്ചു. ഡിജിറ്റൽ രേഖകൾ കാണിച്ചപ്പോൾ അതു പറ്റില്ലെന്നായി. വാഹനം കടത്തിവിടണമെങ്കിൽ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
പണം കയ്യിലുണ്ടെങ്കിലും ഇല്ലെന്ന് മറുപടി പറഞ്ഞു. ഗൂഗിൾ പേ ഉണ്ടെന്ന് പറഞ്ഞപ്പോൾ അതും ഓകെ. സത്യത്തിൽ രാത്രിയിൽ പണം നേരിട്ട് നൽകിയാൽ അത് ക്യാമറയിൽ പതിയില്ലെന്ന സംശയത്തെ തുടർന്നാണ് ഡിജിറ്റൽ ഇടപാടിന് ശ്രമിച്ചത്.
പിന്നീട് സംസാരിച്ചപ്പോൾ തുക ആയിരമായി കുറച്ചു. പണം ഗൂഗിൾ പേ ചെയ്യാം എന്നു പറഞ്ഞപ്പോൾ അതും സമ്മതിച്ചു. തൊട്ടടുത്തുള്ള അറുമുഖൻ്റെ സുഗന്ധവ്യഞ്ജന കടയിൽ കൊടുക്കാനാണ് പറഞ്ഞത്.
ഇതനുസരിച്ച് മീഡിയ മലയാളം ടീം കടയിലെത്തി. പോലീസുകാരൻ്റെ പേരു പറഞ്ഞപ്പോൾ കാര്യം മനസിലായി. കടയിലുണ്ടായിരുന്നത് ഉടമസ്ഥൻ്റെ ഭാര്യയായിരുന്നു.
ആയിരം രൂപ ഗൂഗിൾ പേ അയക്കുന്നതിന് 20 രൂപ സർവീസ് ചാർജും അവർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവർക്ക് 1020 ഗൂഗിൾ പെ ചെയ്തു. പിന്നീടാണവർ പോലീസുകാരനെ പറ്റി വെളിപ്പെടുത്തൽ നടത്തിയത്.
ഇതിവിടെ നിത്യ സംഭവമാണെന്നും മലയാളികളാണ് ഇരകളാകുന്നതെന്നും അവർ പറഞ്ഞു. ഗൂഗിൾ പേ ചെയ്ത ആയിരം രൂപ വാങ്ങാൻ ഇപ്പോൾ തന്നെ അയാളെത്തുമെന്നും പറഞ്ഞു.
ഗൂഗിൾ പേ ചെയ്താൽ മാത്രം പോരാ അതിൻ്റെ സ്ക്രീൻ ഷോട്ട് പോലീസുകാരനെ കാണിക്കുകയും വേണം. ഇതിനായി ഉദ്യോഗസ്ഥൻ്റെ അടുത്തെത്തി. രണ്ടു വട്ടം പരിശോധിച്ച ശേഷം വാഹനം കടത്തിവിട്ടു.
തിരികെ വരുന്ന വഴി വീണ്ടും ചെക് പോസ്റ്റിലെത്തി. അതേ കടയിൽ ചെന്നപ്പോൾ അവിടെ മറ്റൊരാളായിരുന്നു ഉണ്ടായിരുന്നത്. തലേ ദിവസം രാത്രി നടന്ന കാര്യങ്ങൾ വിവരിച്ചപ്പോൾ അഴിമതിക്കാരനായ ആ ഉദ്യോഗസ്ഥനെ പറ്റി അയാൾ വാചാലനായി.
ഉടൻ വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് അയാളെന്നും പോകുന്നതിന് മുമ്പ് നാലു കോടി രൂപ സമ്പാദിക്കാനാണ് നീക്കമെന്നും കടയുടമ പറഞ്ഞു. ദിനംപ്രതി നിരവധി യാത്രക്കാരാണ് ഇയാളുടെ ഇരകളായി മാറുന്നത്. ഇയാൾക്കെതിരെ പരാതിയുമായി അനുഭവസ്ഥർ എത്തുമെന്നുറപ്പാണ്.
എല്ലാ രേഖകളും ശരിയാണെങ്കിലും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് പണം തട്ടുന്നതാണ് ഇവരുടെ രീതി.