ശ്രീനഗർ: ഹിസ്ബുള്ള ഭീകരൻ ഹസൻ നസ്‌റുള്ളയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി അനുരാഗ് ഠാക്കൂർ. തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കിയത് ജനാധിപത്യത്തെ അവഹേളിച്ച് ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നതിന് തുല്യമാണെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ജനാധിപത്യത്തെ പിന്തുണയ്‌ക്കുന്നവരോ, ബഹുമാനിക്കുന്നവരോ അല്ല. അവർ ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നു. അവർക്ക് ഗാസയിൽ എന്താണ് നടക്കുന്നതെന്ന് അറിയാം. എന്നാൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടന്ന ആക്രമണങ്ങൾ അറിയില്ല. ആ സമയങ്ങളിൽ എന്തുകൊണ്ട് ഇവർ പ്രതികരിച്ചില്ല?
നിരപരാധികളായ ആളുകളെ ഭീകരർ കൊന്നൊടുക്കിയത് അവർ കണ്ടില്ല. അതിനുള്ള ശിക്ഷയാണ് ഹിസ്ബുള്ള ഇന്ന് അനുഭവിക്കുന്നത്. എന്നാൽ ഹസൻ നസറുള്ളയുടെ മരണത്തിൽ മെഹബൂബ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്? ഇവർ ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നവരാണ്.”- അനുരാഗ് ഠാക്കൂർ പറഞ്ഞു.
വോട്ടുബാങ്ക് മാത്രം ലക്ഷ്യം വച്ച് മെഹ്ബൂബ പ്രചാരണം ഒഴിവാക്കിയത് ദൗർഭാഗ്യകരമാണ്. ജനാധിപത്യത്തെ അവഹേളിക്കുന്നതാണിത്. ഭീകർക്ക് പിന്തുണ നൽകുന്ന പ്രവണതയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും അനുരാഗ് ഠാക്കൂർ തുറന്നടിച്ചു.