തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് / നിയോജക മണ്ഡലങ്ങളിലും ഫെയറുകളും നടക്കും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ ലഭിക്കും.
ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 13 ഇനം ആവശ്യ സാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്ലൈറ്റുകളിലും ഉറപ്പാക്കും.
ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പർച്ചെയ്സ് ഓർഡർ നൽകി. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വിൽപന ശാലകളിലും എത്തിക്കും.