കൊച്ചി: എറണാകുളത്ത് പെരുമ്പാവൂർ മേഖലയിൽ കെട്ടിടം നിർമ്മാണത്തിനുപയോഗിക്കുന്ന സമഗ്രഹികൾ മോഷണം പോകുന്നത് തുടർക്കഥയാകുന്നു. ആക്രിക്കടയുടെ മറവിലാണ് മോഷണം നടക്കുന്നെന്നതിനാൽ ആക്രി കച്ചവടക്കാർ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശം നൽകി. നിർമ്മാണ ഉപകരണങ്ങളും, വയറിങ് സാമഗ്രികളുമാണ് സ്ഥിരമായി മോഷണം പോകുന്നത്. ഇതിനോടകം അഞ്ചിടങ്ങളിലായി നടന്ന മോഷണത്തിൽ മൂന്ന് പ്രതികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ചേലാമറ്റം ക്ഷേത്രത്തിനു സമീപത്ത് നിർമ്മാണം നടക്കുന്ന ഷെഡ്ഡിൽ നിന്ന് കമ്പിയും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാനക്കാരായ മൂന്നു പേരാണ് പിടിയിലായത്. ബംഗാൾ സ്വദേശികളായ നൈതാനത്ത് ദാസ്, മിൻസാറുൽ മുല്ല, റഫീഖുൽ എന്നിവരാണ് പിടിയിലായത്. കവർച്ച ചെയ്ത മുതൽ ആക്രിയുടെ മറവിലാണ് ഇവർ വില്പന നടത്തുന്നത്. മോഷണ മുതൽ വാങ്ങുന്നതിൽ ആക്രികച്ചവടക്കാർ ജാഗ്രത പുലർത്തണമെന്നും അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്നും പെരുമ്പാവൂർ പോലീസ് പറഞ്ഞു.