സുനിത വില്യംസിനെ ബഹിരാകാശത്ത് ഉപേക്ഷിച്ച് സ്റ്റാര്‍ലൈനര്‍; പേടകം മടക്കയാത്ര തുടങ്ങി

0


നാസയുടെ ദൗത്യത്തിനായി എത്തിയ സുനിതാ വില്യംസിനേയും ബുച്ച് വില്‍മോറിനേയും തിരികെ എത്തിക്കാനാകാതെ ബോയിങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ലൈനര്‍ മടക്കയാത്ര തുടങ്ങി.ഇന്ത്യൻ സമയം പുലർച്ചെ 3.35നാണ് പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. 9.30ഓടെ പേടകം ഭൂമിയില്‍ ഇറക്കാനാണ് നാസയുടെ ശ്രമം.

ചെറിയൊരു ദൗത്യവുമായാണ് സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവര്‍ ജൂണ്‍ 7ന് ബഹിരാകാശ നിലയത്തില്‍ എത്തിയത്. ജൂണ്‍13 ന് മടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ വിക്ഷേപണ സമയത്ത് തന്നെ പേടകത്തിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ വില്ലനായി. ആദ്യം താപനില നിയന്ത്രിക്കുന്ന സംവിധാനത്തിലെ ഹീലിയം ചോര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണത്തില്‍ തകരാര്‍ കണ്ടെത്തി. ഇതോടെ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങി.

അന്ന് മുതല്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. കേടായ ത്രസ്റ്ററുകളില്‍ നാലെണ്ണത്തിന്റെ തകരാര്‍ പരിഹരിച്ചതായി ബോയിങ് പ്രഖ്യാപിച്ചു. എന്നാല്‍ നാസ ഇതില്‍ തൃപ്തരായില്ല. പൂര്‍ണ്ണമായും സാങ്കേതിക തകരാര്‍ പരിഹരിക്കാത്ത സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ഭൂമിയിലേക്കുള്ള പ്രവേശനം പരാജയപ്പെട്ടാല്‍ 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനുമായി യാത്രികര്‍ കുടുങ്ങി പോകും. അതോടൊപ്പം പേടകത്തിലെ താപകവചം പരാജയപ്പെടാനും സാധ്യതയുണ്ട്. ഇത് പേടകത്തിനുള്ളിലെ താപനില വലിയ രീതിയില്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് സ്റ്റാര്‍ലൈനര്‍ ഓഴിവാക്കി മറ്റ് വഴികള്‍ സ്വീകരിക്കാന്‍ നാസ തീരുമാനിച്ചു.

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ ഇരുവരേയും തിരികെയെത്തിക്കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഈ ദൗത്യം അടുത്തവര്‍ഷം ഫെബ്രുവരിയിലെ നടക്കൂ. ഇതോടെ ഏഴ് ദിവസത്തേക്ക് മാത്രം നിശ്ചയിച്ച ദൗത്യം എട്ടു മാസത്തോളം നീളുന്ന സ്ഥിതിയാണ്. സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുക ബോയിങിനും ഏറെ പ്രാധാന്യമുള്ള ദൗത്യമാണ്. അല്ലെങ്കില്‍ ബഹിരാകാശ രംഗത്തെ കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നായി പരാജയം മാറും.

Leave a Reply