‘പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’

0

കൊച്ചി: നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു. ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താന്‍ ഉയര്‍ത്തിയത് തെറ്റായ ആരോപണങ്ങളല്ലെന്നും അവര്‍ പറഞ്ഞു. ‘വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ഞാന്‍ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപണമുയര്‍ന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞതെന്നും’ അവര്‍ പറഞ്ഞു.സെക്രട്ടേറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചു എന്നാണ് നടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസിന്റെ ഭാഗമായി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതോടൊപ്പം സെക്രട്ടറിയേറ്റില്‍ പരിശോധന നടത്താനുള്ള അനുമതിയും പൊലീസ് തേടിയിട്ടുണ്ട്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഉയര്‍ന്നത്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ജയസൂര്യക്കെതിരെ രണ്ട് നടിമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതി. ഇതിലൊരാളാണ് ഇപ്പോള്‍ ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയത്.

Leave a Reply