ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് നേതാവിന് വിജയം; ചരിത്രം രചിച്ച് അനുര കുമാര ദിസനായകെ

0

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ തുടങ്ങിയവരെ പിന്നിലാക്കിയാണ് ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റായി അദ്ദേഹം അധികാരത്തിലെത്തുന്നത്. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി അധികാരത്തിലെത്തുന്ന മാർക്സിസ്റ്റ് നേതാവുകൂടിയാണ് ഇദ്ദേഹം. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

55-കാരനായ അനുര കുമാര ദിസനായകെ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍.പി.പി.) നേതാവാണ്. ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുര കുമാര ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തെത്തി. റെനില്‍ വിക്രമസിംഗ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.

17 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അനുര കുമാരയ്ക്ക് 42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകളുാണ് നേടാനായത്. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മൂത്തമകനും നിലവില്‍ പാര്‍മെന്റംഗവുമായ നമല്‍ രാജപക്സെയ്ക്ക് 2.5 ശതമാനം വോട്ടുകളെ ലഭിച്ചിട്ടുള്ളൂ. 22 ഇലക്‌ട്രൽ ജില്ലകളിലെ 13,400 പോളിങ് സ്‌റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 17 ദശലക്ഷം വോട്ടർമാരാണുള്ളത്. 75% പോളിംഗ് രേഖപ്പെടുത്തി.

1988ല്‍ സോഷ്യല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ സംഘാടകനെന്ന നിലയില്‍ ആരംഭിച്ച് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടതാണ് ദിസനായകെയുടെ രാഷ്ട്രീയ ജീവിതം. 2001-ലാണ് അദ്ദേഹം ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തുന്നത്. 2004 നും 2005 നും ഇടയില്‍, പ്രസിഡന്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ അനുര കുമാര ദിസനായകെ കരകയറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply