ന്യൂഡല്‍ഹി: എസ്എംഎസ് അധിഷ്ഠിത തട്ടിപ്പുകളുടെ വര്‍ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്. തട്ടിപ്പ് ലിങ്കുകളിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സൈബര്‍ക്രിമിനലുകള്‍ തട്ടിപ്പ് സന്ദേശങ്ങളെയാണ് ആശ്രയിക്കുന്നത്. ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങളില്‍ വീഴാതെ ജാഗ്രത പുലര്‍ത്തണമെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.
‘നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നോ ഒരു കമ്പനിയില്‍ നിന്നോ ഒരു സന്ദേശം ലഭിക്കുകയാണെങ്കില്‍, ഔദ്യോഗിക ചാനലുകള്‍ വഴി അവരുമായി ബന്ധപ്പെടുന്നതിലൂടെ അതിന്റെ ആധികാരികത അറിയാന്‍ സാധിക്കും. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഉപയോഗിക്കരുത്’- ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
‘ഒടിപി ആവശ്യപ്പെടുന്ന ആരും ഒരു സ്‌കാമര്‍ ആണ് – കമ്പനികള്‍ ഒരിക്കലും നിങ്ങളോട് OTP പങ്കിടാന്‍ ആവശ്യപ്പെടില്ല. സൈബര്‍ തട്ടിപ്പുകള്‍ ഉടന്‍ തന്നെ ദേശീയ സൈബര്‍ ക്രൈമില്‍ cybercrime.gov.in-ല്‍ റിപ്പോര്‍ട്ട് ചെയ്യുക. അല്ലെങ്കില്‍ 1930 എന്ന ഹെല്‍പ്പ്‌ലൈനില്‍ വിളിക്കുക. ICICI ബാങ്ക് ഒരിക്കലും OTP, പിന്‍ അല്ലെങ്കില്‍ നിങ്ങളുടെ പാസ്വേഡ് എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നില്ല,’- ബാങ്ക് കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം, തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചില സാങ്കേതിക വിദ്യകളും ഐസിഐസിഐ ബാങ്ക് പങ്കുവെച്ചിട്ടുണ്ട്.
‘യഥാര്‍ഥ സ്ഥാപനമാണ് എന്ന് തോന്നിപ്പിച്ച് കൊണ്ടാണ് തട്ടിപ്പ് സന്ദേശങ്ങള്‍ അയക്കുന്നത്. ഇതിനായി പ്രത്യേക സാങ്കേതികവിദ്യകള്‍ അവര്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്തതായി അല്ലെങ്കില്‍ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തതായി അവകാശപ്പെട്ട് കൊണ്ട് സന്ദേശം വരാം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അറിയാന്‍ ഒന്നുകില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ നമ്പറിലേക്ക് വിളിക്കാനോ തട്ടിപ്പുകാരന്‍ ശ്രമിച്ചെന്ന് വരാം’- ഐസിഐസിഐയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
SMS തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില പോംവഴികള്‍ ചുവടെ:
അപരിചിതമായതോ സംശയാസ്പദമായതോ ആയ നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കുക. പ്രത്യേകിച്ചും അവര്‍ അറിയപ്പെടുന്ന ഒരു സ്ഥാപനത്തില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് സന്ദേശങ്ങള്‍ അയക്കുകയാണെങ്കില്‍ സംശയത്തോടെ മാത്രമേ സമീപിക്കാവൂ.
അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്തതായും മറ്റും പറഞ്ഞ് ഭീഷണി സ്വരത്തിലുള്ള സന്ദേശം വന്നാലും സംശയിക്കണം.
പല തട്ടിപ്പ് സന്ദേശങ്ങളിലും അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും അടങ്ങിയിരിക്കുന്നു. നിയമാനുസൃത സ്ഥാപനങ്ങള്‍ സാധാരണയായി അവരുടെ സന്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പ്രൂഫ് റീഡ് ചെയ്യുന്നുണ്ട്. അതിനാല്‍ ഇത്തരത്തില്‍ അക്ഷരപ്പിശക് ഉള്ള സന്ദേശങ്ങള്‍ വ്യാജമാണെന്ന് ഉറപ്പിക്കാന്‍ സാധിക്കും.
എസ്എംഎസ് സന്ദേശങ്ങളിലെ ലിങ്കുകളില്‍ അതീവ ജാഗ്രത പുലര്‍ത്തുക, പ്രത്യേകിച്ചും അത്തരമൊരു സന്ദേശം പ്രതീക്ഷിക്കാത്ത സമയത്ത്. അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.