പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചി’ന്റെ സൈറൺ; മുഴങ്ങുക തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ

0

കോഴിക്കോട്: കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി മൊബൈൽ ടവറുകളിലടക്കം സ്ഥാപിച്ച സൈറണുകൾ ഇനി വിവിധ ശബ്ദങ്ങളിൽ മുഴങ്ങും. 126 സൈറണുകളിൽ 91 എണ്ണം നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ ആയിരിക്കും മുന്നറിയിപ്പ് നൽകുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ ‘കവചം’ പദ്ധതിയുടെ ഭാഗമായാണ് സൈറണുകൾ സ്ഥാപിച്ചത്. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ അതിതീവ്ര ദുരന്തമുന്നറിയിപ്പുകൾ ഈ സംവിധാനംവഴി അറിയിക്കാനാവും.

കേരളത്തിന്റെ ആവശ്യം പരിഗണിച്ച് മൊബൈൽ ടവറുകൾ ഇത്തരം ആവശ്യങ്ങൾക്ക് നൽകുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് ചട്ടഭേദഗതി വരുത്തിയിരുന്നു. രാജ്യസുരക്ഷ, പൊതുതാൽപര്യം എന്നിവ കണക്കിലെടുത്തുള്ള ആവശ്യങ്ങൾക്ക് രാജ്യമാകെ മൊബൈൽ കമ്പനികൾ അവരുടെ ടവറുകൾ ഇനി നൽകേണ്ടി വരും. സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയാണ് (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്നത്. പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങളാൽ പ്രയാസപ്പെടുന്ന സംസ്ഥാനത്തെ മേഖലകളിൽ ഈ സംവിധാനം വലിയരീതിയിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങൾ പ്രകാശിപ്പിക്കുന്ന സ്ട്രോബ് ലൈറ്റിനോടൊപ്പം സ്ഥാപിച്ചിട്ടുള്ള എട്ട് ലൗഡ് സ്പീക്കറുകളിലൂടെ സൈറൺ ശബ്ദത്തിനുപുറമേ മുന്നറിയിപ്പ് സന്ദേശവും നൽകാം. 1200 മീറ്റർ ദൂരത്തിൽവരെ ശബ്ദം കേൾക്കാനാവും.

ദുരന്തസാധ്യതയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ക്യാമ്പുകളുടെ വിവരങ്ങളും ഇതിലൂടെ നൽകാനാവും. സൈറണിന്റെ പ്രവർത്തനം ഉറപ്പുവരുത്താനായി ഇതോടൊപ്പം പ്രത്യേക ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.

ദുരന്തസാധ്യതയുള്ള മേഖലകളിലെ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും മുകളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. തറനിരപ്പിൽനിന്ന് 13 മുതൽ 15 മീറ്റർവരെ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള സൈറൺ അഞ്ചുമീറ്റർ നീളമുള്ള കമ്പിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്.

ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം, ജില്ലാ, താലൂക്ക് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് ‘കവചം’ ആപ്പിലൂടെ സൈറണുകൾ നിയന്ത്രിക്കാം. ഇന്റർനെറ്റ് വഴിയാണ് സൈറണുകളെയും ഓഫീസുകളെയും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളത്. മൊബൈൽ ഫോണുകളിലേക്ക് അടിയന്തരസന്ദേശം നൽകാനും ആപ്പിലൂടെ സാധിക്കും.

പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് നിലവിൽ മഴമുന്നറിയിപ്പുകൾ എസ്.എം.എസ്. സന്ദേശമായി നൽകുന്നത് ഈ ആപ്പിലൂടെയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽനിന്നാണ് കവചം സംവിധാനത്തിന്റെ സംസ്ഥാനതല ഏകോപനം നിർവഹിക്കുന്നത്.

തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ സൈറണുകൾ സ്ഥാപിക്കുന്നത്-13 എണ്ണം. അഞ്ചെണ്ണം വീതമുള്ള കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ്. 86 സൈറണുകളുടെ പ്രവർത്തനപരീക്ഷണം കഴിഞ്ഞ ജൂൺ 11-ന് നടന്നു.

ബി.എസ്.എൻ.എൽ. ടവറുകളിലുള്ള സൈറണുകൾ മാറ്റി സ്ഥാപിക്കുന്നതോടെ 126 ഇടങ്ങളിൽ മുന്നറിയിപ്പ് സംവിധാനം നിലവിൽവരും. സൈറൺ കോഡുകൾകൂടി വന്നാൽ ഈ വർഷാവസാനത്തോടെ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാനാവും

Leave a Reply