ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; ബാലചന്ദ്രമേനോനെതിരെ പരാതി

0

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതിയില്‍.

ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടന്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് നടിയുടെ അഭിഭാഷകനാണെന്നും പരാതിയിലുണ്ട്.

Leave a Reply