മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വീടിന് സുരക്ഷ. പി വി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്‍വറിന്റെ വീടിന് സമീപം സുരക്ഷയ്ക്കായി നാല് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.
ജീവനും സ്വത്തിനും ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് പി വി അന്‍വര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇത് പരിഗണിച്ചാണ് അന്‍വറിന്റെ ഒതായിയിലുള്ള വീടിന് സമീപം പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ച് സുരക്ഷ ഒരുക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്. മൂന്ന് എസ്‌സിപിഒ, സിപിഒ അടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഡ്യൂട്ടിക്ക് കയറാന്‍ ആയിരുന്നു നിര്‍ദേശം. ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്നാണ് അന്‍വറിന്റെ ആരോപണം. കഴിഞ്ഞ ദിവസം സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ന്നിരുന്നു. ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കയ്യും കാലും വെട്ടി പുഴയില്‍ എറിയുമെന്നായിരുന്നു മുദ്രാവാക്യം. അന്‍വറിന്റെ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ വിമര്‍ശനമുണ്ട്. ഇതിനിടെയാണ് വീടിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് അന്‍വര്‍ ഡിജിപിയെ സമീപിച്ചത്.