മോസ്കോ: രഹസ്യങ്ങൾ ചുരുളഴിയുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന് രഹസ്യ സന്താനങ്ങൾ. മുൻ ഒളിംപിക് ജിംനാസ്റ്റിക്സ് താരം അലീന കബൈവയിൽ പുട്ടിന് 2 കുട്ടികൾ ഉണ്ടെന്ന വിവരം ഡോസിയർ സെന്റർ എന്ന അന്വേഷണാത്മക മാധ്യമസ്ഥാപനത്തിന്റെ വെബ്സൈറ്റിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു രഹസ്യകേന്ദ്രത്തിൽ ഇരുവരും ആഡംബര ജീവിതം നയിക്കുകയാണെന്നാണ് റിപ്പോർട്ട്. ഒൻപതുകാരനായ ഐവാൻ , അഞ്ചു വയസ്സുകാരനായ വ്ലാഡിമിർ ജൂനിയർ എന്നിവരാണ് പുട്ടിന്റെയും കബൈവയുടെയും മക്കൾ.
മോസ്കോയ്ക്ക് വടക്കുപടിഞ്ഞാറുള്ള ലേക് വാൾഡേയിൽ ക്രെംലിൻ ഫെഡറൽ ഗാർഡുകളുടെ സുരക്ഷയിലുള്ള വീട്ടിലാണ് ഇവരുള്ളത്. അധ്യാപകരും ജോലിക്കാരും ഓഫിസർമാരുമല്ലാതെ ആരുമായും ഇവർക്ക് ബന്ധമില്ല. മാതാപിതാക്കളെ ഇവർ കാണുന്നത് വല്ലപ്പോഴും രാത്രിയിൽ മാത്രം. കുട്ടികളുടെ ചിത്രം ഉണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ പ്രസിദ്ധീകരിക്കുന്നില്ലെന്നും വെബ്സൈറ്റ് പറയുന്നു.
സർക്കാർ ഡേറ്റ ബേസിൽ പുട്ടിന്റെ മക്കളെക്കുറിച്ച് ഒരു കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ഐവാൻ 2015 ൽ സ്വിറ്റ്സർലൻഡിലും വ്ലാഡിമിർ ജൂനിയർ 2019 ൽ മോസ്കോയിലും എന്നിങ്ങനെ രണ്ടു വ്യത്യസ്ത രാജ്യങ്ങളിലാണ് പിറന്നതെന്നും കുട്ടികൾ ഇപ്പോൾ ഇംഗ്ലീഷും ജർമനും പഠിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾ സ്കീയിങ് പരിശീലനവും നടത്തുന്നുണ്ട്. പുട്ടിന് ആൺമക്കളോടാണ് കൂടുതൽ വാത്സല്യമുള്ളതെന്നും റിപ്പോർട്ട് പറയുന്നു.