ബില്‍ക്കിസ് ബാനോ കേസ്: പ്രതികളുടെ ശിക്ഷക്ക് ഇളവില്ല; ഗുജറാത്ത് സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളി

0

ന്യൂഡെല്‍ഹി: ബില്‍ക്കിസ് ബാനോ കേസില്‍ 11 പ്രതികള്‍ക്ക് നല്‍കിയ ശിക്ഷാ ഇളവ് റദ്ദാക്കിയ കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനോയെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളില്‍ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷ ഇളവുചെയ്ത നടപടിയാണ് കോടതി റദ്ദാക്കിയിരുന്നത്.

ജനുവരി എട്ടിലെ സുപ്രീം കോടതി ഉത്തരവില്‍ സംസ്ഥാനത്തിനെതിരായ ചില നിരീക്ഷണങ്ങള്‍ക്കെതിരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പുനപരിശോധനാ ഹര്‍ജി തള്ളിയത്.

ഗോധ്ര ട്രെയിന്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ 2002 ലെ ഗുജറാത്ത് കലാപത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനോയ്ക്ക് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളില്‍ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉള്‍പ്പെടുന്നു.

2008ല്‍ 11 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നിരുന്നാലും, ഗുജറാത്ത് സര്‍ക്കാരിന്റെ റിമിഷന്‍ പോളിസി പ്രകാരം 2022 ഓഗസ്റ്റ് 15 ന് ഇവരെ വിട്ടയച്ചു.

2024 ജനുവരി 8 ന്, ഗുജറാത്ത് സര്‍ക്കാരിന് ശിക്ഷ ഇളവ് നല്‍കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാരിന് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂയെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാ ഇളവ് റദ്ദാക്കിയ കോടതി പ്രതികളോട് കീഴടങ്ങാന്‍ ഉത്തരവിട്ടു.

Leave a Reply