ഇ പി ജയരാജന് വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റ വിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കെ സുധാകരനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഹര്‍ജി സമര്‍പ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ജസ്റ്റിസ് വിക്രം നാഥ് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. നിങ്ങള്‍ കോണ്‍ഗ്രസാണോ അതോ സിപിഐഎമ്മാണോ എന്നും കോടതി സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനോട് ആരായുകയുണ്ടായി.
ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കെ സുധാകരനെതിരെ തെളിവുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
1995 ഏപ്രില്‍ 12നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ചണ്ഡിഗഢില്‍ നിന്ന് മടങ്ങവേ ട്രെയിനില്‍ വച്ച് ഇപി ജയരാജന് വെടിയേല്‍ക്കുകയായിരുന്നു. വിക്രംചാലില്‍ ശശിയെന്നയാളാണ് ഇ പിയുടെ കഴുത്തിലേക്ക് വെടിയുതിര്‍ത്തത്. കെ സുധാകരന് ഉള്‍പ്പെടെ വധശ്രമത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം.