പത്തനംതിട്ട: ശബരിമലയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. തെങ്കാശി കീലസുരണ്ട സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 20 ന് ആണ് മോഷണം നടന്നത്. ജീവനക്കാരനെന്ന വ്യാജേന എത്തിയാണ് ഇയാള്‍ മോഷണം നടത്തിയത്. സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിത്തുറന്നാണ് ഇയാള്‍ മോഷണം നടത്തിയത്.
നടയടച്ച ശേഷമാണ് മോഷണവിവരം അധികൃതർ അറിഞ്ഞത്. ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് മോഷണം നടന്നത്. പിന്നീട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
കന്നിമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെയെല്ലാം പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്.
വർഷങ്ങളായി എല്ലാ മാസവും ശബരിമലയില്‍ പ്രതി വന്നിരുന്നു. പോലീസ് കേസ് എടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം പ്രതി ശബരിമലയിലെത്തിയിരുന്നില്ല.