റഷ്യയുടെ ചാരത്തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തി……

0

സ്റ്റാവഞ്ചര്‍ (നോര്‍വേ): റഷ്യ പരിശീലനം നല്കി അയച്ച ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ബെലൂഗ ഇനത്തില്‍പ്പെട്ട ഹ്വാള്‍ദിമിര്‍ ചത്ത നിലയില്‍.

നോര്‍വേയ്‌ക്ക് സമീപം കടലിലാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്. നോര്‍വേയിലെ സ്റ്റാവഞ്ചര്‍ നഗരത്തിന് സമീപം റിസവിക ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ അച്ഛനും മകനുമാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്.

ആണ്‍ ബെലൂഗ തിമിംഗിലമായ ഹ്വാള്‍ദിമിറിനെ ആദ്യമായി കണ്ടെത്തിയത് 2019ലാണ്. 1225 കിലോഗ്രാമോളം ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞന്‍ തിമിംഗിലമാണ് ഹ്വാള്‍ദിമിര്‍. വടക്കന്‍ നോര്‍വേയിലെ തീരനഗരമായ ഹമ്മര്‍ഫെസ്റ്റിന് സമീപം കടലില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി ഹ്വാള്‍ദിമിറിനെ കണ്ടത്.

കഴുത്തില്‍ ‘സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള ഉപകരണം’ എന്ന് രേഖപ്പെടുത്തിയ കോളര്‍ ബെല്‍റ്റ് കണ്ടതോടെയാണ് ഹ്വാള്‍ദിമിര്‍ റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുയര്‍ന്നത്.

കോളര്‍ബെല്‍റ്റില്‍ ക്യാമറയും ഘടിപ്പിച്ചിരുന്നു. നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന ‘ഹ്വാല്‍’, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന്റെ പേരിന്റെ ഭാഗമായ ‘വ്ളാദിമീര്‍’ എന്നീ വാക്കുകള്‍കൂട്ടിച്ചേര്‍ത്താണ് ചാരത്തിമിംഗിലത്തിന് ഹ്വാള്‍ദിമിര്‍ എന്ന പേര് നല്കിയത്.

അതേസമയം, റഷ്യ ഹ്വാള്‍ദിമിറിന്റെ ഉടമസ്ഥത ഏറ്റെടുക്കാത്തതിനാല്‍ ചാരത്തിമിംഗിലമെന്ന കാര്യം നിഗമനമായി മാത്രം നിലനില്‍ക്കുകയാണ്.

മൂന്ന് മുതല്‍ ഇരുനൂറിലധികം വരെ അംഗങ്ങളുള്ള സംഘങ്ങളായാണ് ഈ തിമിംഗിലങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ മറ്റ് ബെലൂഗ തിമിംഗിലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യര്‍ കൂടുതലായെത്തുന്ന ഭാഗത്താണ് ഹ്വാള്‍ദിമിര്‍ ചുറ്റിക്കറങ്ങിയിരുന്നത്.

2019ല്‍ ഒരു സ്ത്രീയുടെ ഐഫോണ്‍ കടലില്‍ വീണപ്പോള്‍ അത് കടിച്ചെടുത്ത് തിരികെ നല്കിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് ഹ്വാള്‍ദിമിര്‍. ഇതിന്റെവീഡിയോ വൈറലായിരുന്നു.

Leave a Reply