കൊച്ചി: ബലാത്സംഗക്കേസിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എഐജിയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിന് ശേഷമാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുകേഷിനെ വിളിപ്പിച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്‌ക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിഭാഷകനൊപ്പമാണ് മുകേഷ് ചോദ്യം ചെയ്യലിനെത്തിയത്.
2010-ലെ കേസിലാണ് അറസ്റ്റ്. അതിനാൽ തന്നെ തെളിവുകൾ കണ്ടെത്താൻ സമയം വേണ്ടി വരും. അതിനാൽ മുകേഷിനെ വിട്ടയക്കുകയാണെന്നും മറ്റ് തെളിവുകൾ ശേഖരിച്ച് ആവശ്യമെങ്കിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മരടിലെ തന്റെ വില്ലയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.