തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, ഇന്നും നാളെയും ഒരു ജില്ലയിലും ജാഗ്രതാ നിർദ്ദേശമില്ല. എന്നാൽ, ഈ മാസം 8, 9 തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് എട്ടാം തീയതി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒൻപതിന് വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.