ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ യു.എൻ ജനറൽ അസംബ്ലിയിൽ പ്രതിഷേധം; ബെഞ്ചമിൻ നെതന്യാഹുവിനെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾ പ്രതിനിധികൾ കൂട്ടത്തോടെ എഴുന്നേറ്റ് പോയി

0



വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ യു.എൻ ജനറൽ അസംബ്ലിയിൽ പ്രതിഷേധം. പൊതു സഭയിൽ സംസാരിക്കാൻ നെതന്യാഹുവിനെ ക്ഷണിച്ചപ്പോഴാണ് പ്രതിഷേധമായി പ്രതിനിധികൾ കൂട്ടത്തോടെ എഴുന്നേറ്റ് പോയത്. ഒടുവിൽ ആളൊഴിഞ്ഞ കസേരകൾ നൊക്കിയാണ് നെതന്യാഹുവിന് സംസാരിക്കേണ്ടിവന്നത്.

സമാധാനമാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്ന് ബിന്യമിൻ നെതന്യാഹു പറഞ്ഞു. നിങ്ങൾ ആക്രമിച്ചാൽ ഞങ്ങളും ആക്രമിക്കുമെന്നും യു.എന്നിൽ അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ രാജ്യം യുദ്ധത്തിലാണ്. ജീവന് വേണ്ടിയാണ് പോരാട്ടം. ഞങ്ങളെ മാത്രമല്ല നിലനിൽക്കുന്ന സംസ്കാരത്തെ കൂടിയാണ് ശത്രുക്കൾ ആ​ക്രമിക്കുന്നത്. ഹമാസ് ആയുധംവെച്ച് കീഴടങ്ങുകയും ബന്ദികളെ വിട്ടയക്കുകയും ചെയ്താൽ ഈ യുദ്ധം ഇപ്പോൾ അവസാനിക്കും. ഹമാസ് ഗസ്സയിൽ അധികാരത്തിൽ തുടർന്നാൽ അവർ വീണ്ടും ശക്തിയാർജിച്ച് ഇസ്രായേലിനെതിരെ ആക്രമണങ്ങൾ നടത്തുമെന്നും നെതന്യാഹു പറഞ്ഞു.

ലബനാനിലെ ജനവാസകേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണങ്ങൾ നടത്തുന്നത്. നിലവിൽ ദാഹി ലക്ഷ്യമിട്ടാണ് ഇസ്രായേൽ മുന്നേറുന്നത്. ഇതുവരെ ആക്രമണങ്ങളിൽ 700ലേറെ പേർ മരിച്ചുവെന്നാണ് കണക്കുകൾ. ഇതിൽ 50ലേറെ പേർ കുട്ടികളാണ്. 1835 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ജനവാസ കേന്ദ്രങ്ങളിലും ജനങ്ങൾ തിങ്ങിപാർക്കുന്ന ഫ്ലാറ്റുകളൾക്കുനേരെയുമാണ് ഇസ്രയേലി​ന്റെ ആക്രമണം. ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളും ആയുധപ്പുരകളും ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേലി​ന്റെ വാദം. എന്നാൽ അവിടെ ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളോ ആയുധപ്പുരകളോ ഉള്ളതിന് തെളിവുകളൊന്നും നൽകാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല.

Leave a Reply