ന്യൂയോര്‍ക്ക്: ഉക്രെയ്ൻ പ്രസിഡന്‍റ് സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിലാണ് കൂടിക്കാഴ്ച നടന്നത്.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിച്ചിരുന്നു.
റഷ്യ- ഉക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് മോദി അറിയിച്ചു.
കൂടിക്കാഴ്‌ചയ്ക്ക് ശേഷം എക്‌സ് പോസ്‌റ്റിലൂടെ മോദി വിവരങ്ങൾ പങ്കുവച്ചു. ഇരുവരും ഹസ്‌തദാനം ചെയ്യുന്നതിന്റെയും ചർച്ച നടത്തുന്നതിന്റെയും ചിത്രങ്ങൾ ഉൾപ്പെടെ മോദി പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഉക്രൈനിലേക്ക് നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കിയെന്ന് ഉറപ്പാക്കാൻ കൂടിക്കാഴ്‌ചയ്ക്ക് കഴിഞ്ഞെന്ന് മോദി അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒപ്പമുണ്ടായിരുന്നു എന്നാണ് വിവരം. ഇരു നേതാക്കളുടെയും ചർച്ചയിൽ ഉഭയകക്ഷി വിഷയങ്ങളും റഷ്യ-ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതികരിച്ചു.
മൂന്ന് മാസത്തിനിടെ രണ്ട് പേരും തമ്മിൽ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്‌ച കൂടിയാണിത്. വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനാർഹമാണെന്ന് സെലൻസ്‌കി വ്യക്തമാക്കിയതായി വിക്രം മിസ്രി തന്റെ പ്രസ്‌താവനയിൽ പറഞ്ഞു.
ഇതിനിടെ യുഎൻ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇന്ത്യക്ക് പുറമെ രണ്ട് ആഫ്രിക്കൻ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.