തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും സമ്മർദ്ദത്തിൽ ആർഎസ്എസ് സാംഘിക് തടയാനെത്തിയ പൊലീസിന് മുൻപിൽ പഥസഞ്ചലനം നടത്തി സ്വയം സേവകർ. തിരുവനന്തപുരം കളളിക്കാട്ട് ആണ് സംഭവം. കളളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലായിരുന്നു മുൻകൂട്ടി അനുമതി വാങ്ങി ആർഎസ്എസ് സാംഘിക് നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയായിരുന്നു.
കളളിക്കാട് ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയത്തിനായി പണം അടച്ച് ആർഎസ്എസ് നേതൃത്വം അനുമതി വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് പരിപാടി നിശ്ചയിച്ചത്. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് സ്റ്റേഡിയം ഉപയോഗിക്കാനാകില്ലെന്നും പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നും വാദിച്ചു. അനുമതി ലഭിച്ചതിന്റെ രേഖകൾ ഹാജരാക്കിയെങ്കിലും പരിപാടി നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ പൊലീസ് കടുംപിടുത്തം പിടിച്ചു. ഇതോടെയാണ് പൊതുറോഡിൽ പഥസഞ്ചലനം നടത്താൻ പ്രവർത്തകർ തീരുമാനിച്ചത്. സ്‌റ്റേഡിയത്തിന് മുൻപിൽ നിന്നും കളളിക്കാട് ജംഗ്ഷനിലേക്കായിരുന്നു പഥസഞ്ചലനം. മുന്നിലും പിന്നിലും പൊലീസും ഉണ്ടായിരുന്നു.
കോരിച്ചൊരിയുന്ന മഴ വകവയ്‌ക്കാതെ അഞ്ഞൂറിലധികം പ്രവർത്തകർ പഥസഞ്ചലനത്തിൽ പങ്കെടുത്തു. ശാരീരിക വ്യായാമ മുറകളും യോഗാഭ്യാസങ്ങളും ഉൾപ്പെടെ പരിശീലിക്കുന്നതാണ് സാംഘിക്. വ്യക്തമായ അനുമതി പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് നേടിയിരുന്നതായി ആർഎസ്എസ് നേതൃത്വം അറിയിച്ചു. പഞ്ചായത്ത് ഓഫീസിലെത്തി പണമടച്ച് രസീത് കൈപ്പറ്റിയ ശേഷമാണ് പരിപാടി നടത്താൻ തയ്യാറെടുപ്പ് നടത്തിയത്. പരിപാടി തടഞ്ഞതിന് പിന്നിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഇടപെടലാണെന്നും ആർഎസ്എസ് നേതൃത്വം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് സെക്രട്ടറി അനുമതി റദ്ദ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത്തരത്തിൽ യാതൊരു അറിയിപ്പും ആർഎസ്എസ് നേതൃത്വത്തിന് ലഭിച്ചിരുന്നില്ല. ആർഎസ്എസ് കാട്ടാക്കട ഖണ്ഡിന്റെ നേതൃത്വത്തിലാണ് സാംഘിക് സംഘടിപ്പിച്ചിരുന്നത്.