തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കാൻ ഒരിക്കലും യോഗ്യനല്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും പുതിയ ജനവിധി തേടുക എന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് എഡിജിപി അജിത് കുമാർ, പോളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണ്. കുറ്റവാളികൾക്ക് പിണറായി വിജയൻ സംരക്ഷണം ഒരുക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയേ തീരൂ.
ബിജെപിക്ക് ഒരു കാരണവശാലും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായോ കോൺഗ്രസുമായോ ഒത്തുപോകാനാകില്ല. അതുകൊണ്ട് തന്നെ അവരുമായി ബിജെപിക്ക് ഒരു ധാരണയുമില്ല, ഇനി ഉണ്ടാവുകയുമില്ല. കേരളം ഇന്ന് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനമായി മാറിയിട്ടുണ്ടെങ്കിൽ അതിന് കാരണം സിപിഎമ്മിന്റെ നയങ്ങളാണ്. ഈ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ആളുകളാണ് സിപിഎമ്മെന്നും വി മുരളീധരൻ പറഞ്ഞു.