രാഹുലിന്റെ തെരഞ്ഞെടുപ്പ് റാലികളിൽ മുഴങ്ങുന്നത് “പാകിസ്താൻ സിന്ദാബാദ്” മുദ്രാവാക്യം; പ്രീണനരാഷ്‌ട്രീയത്താൽ കോൺഗ്രസുകാർ അന്ധരായെന്ന് അമിത് ഷാ

0

ന്യൂഡൽഹി: ഹരിയാനയിൽ പ്രതിപക്ഷ നേതാവ് രാഹുൽ നടതതുന്ന തെരഞ്ഞെടുപ്പുറാലികളിൽ മുഴങ്ങുന്നത് “പാകിസ്താൻ സിന്ദാബാദ്” മുദ്രാവാക്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രീണന രാഷ്‌ട്രീയം കൊണ്ട് അന്ധരായവരാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു. ഹരിയാനയിലെ ബാദ്‌ഷാപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമർശം.

“ഹരിയാനയിലൊരു പുതിയ പ്രവണതയാണ് കണ്ടുവരുന്നത്. ഹതിൻ മുതൽ താനേസർ വരെയും തൻസേസർ മുതൽ പൽവാൽ വരെയും കോൺഗ്രസ് വേദികളിൽ പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങളാണ് ഉയർന്നുകേൾക്കുന്നത്. നിങ്ങളുടെ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുമ്പോൾ രാഹുൽ എന്തുകൊണ്ടാണ് അതുകേട്ട് മിണ്ടാതിരുന്നത്” അമിത് ഷാ ചോദിച്ചു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെകൊണ്ടുവരുമെന്ന കോൺഗ്രസ് നേതാവിന്റെ വാഗ്ദാനത്തിനെതിരെയും അമിത്ഷാ രൂക്ഷ വിമർശനമുന്നയിച്ചു. കോൺഗ്രസും രാഹുലും ആർട്ടിക്കിൾ 370 തിരികെകൊണ്ടുവരുമെന്ന് പറയുന്നു. രാഹുൽഗാന്ധിയുടെ മൂന്ന് തലമുറകൾക്ക് പോലും അതിന് സാധിക്കില്ല. കശ്മീരിനെ സംരക്ഷിക്കാൻ ഹരിയാനയിലെ യുവാക്കൾ ഒരുപാട് ത്യാഗങ്ങൾ ചെയ്തു. അത് വെറുതേയാകാൻ ബിജെപി അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു.

Leave a Reply