പി ശശി പരാജയം; മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടു കൊടുക്കില്ല: പി വി അന്‍വര്‍

0

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പി ശശി പരാജയമാണ്. ചുമതലകള്‍ കൃത്യമായും സത്യസന്ധമായും നിര്‍വഹിക്കാനായിട്ടില്ല. രാഷ്ട്രീയ സംഭവങ്ങള്‍ വിലയിരുത്തി എന്തെങ്കിലും പാകപ്പിഴകള്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും ശ്രദ്ധയില്‍പ്പെടുത്താനാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിച്ചിരിക്കുന്നത്. അദ്ദേഹം കാര്യങ്ങള്‍ കൃത്യമായി അനലൈസ് ചെയ്തിട്ടുണ്ടെങ്കില്‍ ഇത്തരം കൊള്ള കേരളത്തില്‍ ഉണ്ടാകുമോയെന്ന് പി വി അന്‍വര്‍ ചോദിച്ചു.മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. ഭാരിച്ച ഉത്തരവാദിത്തമാണ്. നാലു ചായപ്പീടിക ഒരാള്‍ക്ക് കൈകാര്യം ചെയ്യാനാകുമോ?. ഈ വകുപ്പുകളില്‍ ഓരോ തലവന്‍മാരെ നിശ്ചയിട്ടുണ്ട്. അവരെയാണ് വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്നത്. ഇവരുമായിട്ടാണ് മുഖ്യമന്ത്രി ആശയ വിനിമയം നടത്തുന്നത്. പള്ളിയുടേയും അമ്പലത്തിന്റെയും അകത്ത് കിണറുണ്ടെങ്കില്‍ ആളുകള്‍ അതില്‍ വീഴില്ലേ. അതുപോലെ വിശ്വസ്തര്‍ കിണര്‍ കുത്തി വെച്ചിരിക്കുകയാണ്. ഇത്രയും കള്ളത്തരങ്ങള്‍ നടക്കുന്നുണ്ട്. പി ശശിക്ക് പരാജയം സംഭവിച്ചിരിക്കുന്നു. അദ്ദേഹത്തിന് ഇതേപ്പറ്റി അറിവുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് മണിക്കൂറുകള്‍ക്കകം വരുത്തിതീര്‍ക്കുന്നതല്ലേ, അരീക്കോട് നവകേരള സദസുമായി ബന്ധപ്പെട്ട സംഭവം. മരത്തിന്റെ കളവിന് കൂട്ടുനിന്ന, കള്ളന് കഞ്ഞിവെച്ചു കൊടുത്ത ആളാണ് മലപ്പുറം എസ് പി ശശിധരന്‍. ഇതിലും വലിയ ധിക്കാരമെന്താ?. ആര്‍ക്കാ ഇതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്കല്ലേ?. ശശി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാത്തതാണ് പ്രശ്‌നം. ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും ശശിക്ക് കത്തു കൊടുത്തിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. ഈ പാര്‍ട്ടിയിലേക്ക് വന്ന ശേഷം ഇതുവരെ പിതാവിന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാര വെക്കുന്നത് തടുക്കാനാണ് ശ്രമിക്കുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു.

കൊല്ലിച്ച് വലിയ പരിചയമുള്ള ഗുണ്ടാ സംഘങ്ങളോടാണ് ഏറ്റുമുട്ടുന്നതെന്ന് അറിയാം. തന്റെ ജീവന്‍ അപകടത്തിലാണെന്നും പിവി അന്‍വര്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധി മരിച്ചത് അംഗരക്ഷകരുടെ വെടിയേറ്റാണ്. അങ്ങനെ മുഖ്യമന്ത്രിയെയും കൊലച്ചതിക്ക് വിട്ടുകൊടുക്കണോ ഞാൻ? ഞാൻ എന്തായാലും വിട്ടുകൊടുക്കില്ല. ഒന്നെങ്കിൽ ഞാൻ ഇല്ലാതാകും. അങ്ങനെ ഈ പാർട്ടിക്ക് വേണ്ടി ഇല്ലാതാവാനാണെങ്കിൽ, താൻ ദൈവഹിതമാണെന്ന് കരുതുമെന്നും പി വി അൻവർ പറഞ്ഞു. ഫോണെല്ലാം പണ്ടേ ഹാക്കിങ്ങിലാണ്. ഈ ഓലപ്പാമ്പൊന്നും കാട്ടി പേടിപ്പിക്കേണ്ടെന്നും പിവി അൻവർ വ്യക്തമാക്കി.

Leave a Reply