ന്യൂഡൽഹി: പാർട്ടി അംഗം പോലുമല്ലാത്ത പി വി അൻവറിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അൻവറിന് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും പാർലമെന്ററി പാർട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന രീതിയാണ് അൻവർ സ്വീകരിച്ചതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“പാർലമെന്ററി പാർട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാൽ പി വി അൻവറുമായി പാർട്ടിക്ക് ഇനി യാതൊരു ബന്ധവുമില്ല. സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല. കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്. സ്വർണക്കടത്ത് ആക്ഷേപം ഉയർന്ന കഴിഞ്ഞ തവണയും പാർട്ടി അധികാരത്തിലെത്തി.
വയനാട് ദുരന്തത്തെ പോലും സർക്കാരിനെതിരെ വിഷയമാക്കി. മുഹമ്മദ് റിയാസിനെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട അൻവറാണ് ഇപ്പോൾ റിയാസിനെതിരെ വിമർശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിന്റേത്. റിയാസിന്റെ ഭാര്യക്കെതിരെയും അൻവർ ആക്ഷേപം ഉയർത്തി. ഇതാദ്യമായിട്ടല്ല, മുഖ്യമന്ത്രിമാർക്കെതിരെ അദ്ദേഹം ആക്ഷേപം ഉയർത്തുന്നത്”.
ഒറ്റക്കല്ല, കൂട്ടായാണ് പാർട്ടി പ്രവർത്തിക്കുന്നത്. ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം, എന്നാൽ ഒരു കെട്ടാണെങ്കിൽ എളുപ്പമല്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. അൻവറിന്റെ പരാതിയിൽ ശരിയായ നടപടി സ്വീകരിച്ച് മുന്നോട്ടുപോകുന്ന ഘട്ടത്തിൽ പാർട്ടിക്കും സർക്കാരിനുമെതിരെ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ ഏറ്റുപിടിച്ചാണ് അൻവർ മുന്നോട്ടുപോകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.