തിരുവനന്തപുരം: പരസ്യ പ്രസ്താവന നടത്തരുതെന്ന വിലക്ക് ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിവിധ ഇടതുനേതാക്കൾക്കെതിരെയും അതിരൂക്ഷ വിമർശനം ഉന്നയിച്ച ഇടതുസ്വതന്ത്ര എംഎൽഎയായ പിവി അൻവർറിനെതിരെ സിപിഎം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് അൻവറിന് ധാരണയില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കമ്യൂണിസം എന്താണെന്ന് അൻവറിന് അറിയില്ല. അൻവറിപ്പോൾ വലതുപക്ഷത്തിന്റെ കോടാലി മാത്രമാണ്. സാധാരണക്കാരുടെ വികാരം ഉൾക്കൊള്ളാൻ അൻവറിന് സാധിച്ചില്ല. ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച ശേഷമായിരുന്നു പാർട്ടിക്ക് അൻവർ പരാതി നൽകിയത്. അച്ചടക്കം ലംഘിച്ച് പലവട്ടം വാർത്താസമ്മേളനം നടത്തി. ഇപ്പോൾ കോൺഗ്രസിന്റെ ശൈലിയാണ് അൻവർ പയറ്റുന്നത്. പാർട്ടിയേയും സർക്കാരിനെയും തകർക്കാനുള്ള അൻവറിന്റെ നീക്കം നടക്കില്ല. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്തിറങ്ങണം.
ഇത്രയും കാലം പാർട്ടി അംഗമാകാൻ സാധിക്കാത്തയാളാണ് അൻവർ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചും നയങ്ങളെക്കുറിച്ചും അൻവറിന് ധാരണയില്ല. സാധാരണക്കാരായ പാർട്ടിക്കാരെ അൻവർ കാണുന്നില്ല. പാർട്ടി അണികളുടെ പേരിൽ ആളാകാൻ അൻവർ അർഹനല്ല. കമ്യൂണിസ്റ്റ് പാർട്ടി അംഗമല്ല, പാർലമെന്ററി പാർട്ടി അംഗം മാത്രമായിരുന്നു അൻവർ. പാർട്ടി അംഗമല്ലാതിരുന്നിട്ടും എല്ലാവിധ പരിഗണനയും അൻവറിന് സിപിഎം നൽകിയിട്ടുണ്ട്.
അൻവറിന്റെ പരാതിയിൽ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതാണ്. അൻവറിന്റെ പരാതി വേണ്ടപോലെ പാർട്ടി ചർച്ച ചെയ്യുകയും പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്തു. പാർട്ടിക്കാരൻ അല്ലാതിരുന്നിട്ടും അൻവറിന് എല്ലാവിധ പരിഗണനയും സിപിഎം നൽകിയിട്ടുണ്ട്. പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മലപ്പുറത്ത് പൊലീസിൽ സമഗ്രമാറ്റം വരുത്തി. തെറ്റുചെയ്യുന്നവരെ സംരക്ഷിക്കില്ലെന്ന ഉറപ്പ് അൻവറിന് പാർട്ടി നൽകിയിരുന്നു. മൂന്ന് പിബി അംഗങ്ങൾ അൻവറിന് ഉറപ്പ് നൽകിയതാണ്. എന്നിട്ടും പ്രതിപക്ഷത്തെപ്പോലെ പരസ്യമായി ആരോപണങ്ങൾ ഉയർത്തി. അൻവറിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.