ആലപ്പുഴ : നെഹ്റു ട്രോഫി വള്ളം കളി വിജയം സംബന്ധിച്ച് തർക്കം. ഫലപ്രഖ്യാപനത്തിൽ ആട്ടിമറിയെന്ന് ആരോപിച്ച് വീയപുരം കോടതിയിലേക്ക്. മൈക്രോ സെക്കന്റ് വ്യത്യാസത്തിൽ രണ്ടാമത് എത്തിയ വീയപുരമാണ് പരാതിയുമായി രംഗത്തെത്തിയത്. ഫലപ്രഖ്യാപത്തിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി മാത്യൂ പൗവ്വത്തിൽ വില്ലേജ് ബോട്ട് ക്ലബ് ക്യാപ്റ്റനും രംഗത്തെത്തി.
പരാതി ഉന്നയിച്ചിട്ടും പരാതി കേൾക്കാൻ തയ്യാറായില്ലെന്ന് വീയപുരം വില്ലേജ് ബോട്ട് ക്ലബ് പറയുന്നു. ഒരേ സമയം സ്ക്രീനിൽ തെളിഞ്ഞ സമയം അട്ടിമറിച്ചെന്നും വിബിസി ആരോപിക്കുന്നു. കളക്ടർക്കും നെഹ്റു ട്രോഫി ബോട്ട് റേസ് സമിതിക്കും പരാതി നൽകിയിരിക്കുകയാണ് വിബിസി.
ഇന്നലെ നടന്ന മത്സരത്തിൽ 4:29.785 സമയമെടുത്ത് കാരിച്ചാൽ ഫിനിഷ് ചെയ്തപ്പോൾ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ഫൈനൽ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ഒന്നാമതെത്തിയത്.
കാരിച്ചാലിനായി തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് അഞ്ചാം തവണയും ട്രോഫി നേടി ചരിത്രം കുറിക്കുക കൂടിയാണ് ഇത്തവണ ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ രാജാക്കന്മാരായ വീയപുരം ചുണ്ടനാണ് രണ്ടാമതെത്തിയത്. 2023 ൽ വീയപുരം രാജാക്കന്മാരായപ്പോൾ തുഴയെറിഞ്ഞത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു.