തിരുവനന്തപുരം: അമ്മമാരുടെയും കുട്ടികളുടെയും (എസ്‌എടി) ആശുപത്രിയിൽ വൈദ്യുതി മുടങ്ങി. രണ്ടുദിവസമായി വൈദ്യുതി ഇല്ലെന്നാണ് സൂചന. ജനറേറ്റർ കേടായി വൈദ്യുതി പൂർണമായും നിലച്ചിട്ട് മൂന്ന് മണിക്കൂറിലേറെയായി. അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യതി മുടങ്ങിയത്. എന്നാൽ ഓപ്പറേഷൻ തിയേറ്ററിലും ഐസിയുവിലും വൈദ്യുതിയില്ലെന്നാണ് രോഗികൾ വ്യക്തമാക്കുന്നത്. എന്നാൽ ഇവിടെയൊക്കെ വൈദ്യുതിയുണ്ടെന്നാണ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വാദം.
ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധം ആരംഭിച്ചതോടെ പൊലീസ് തമ്പടിച്ചു. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായത് പ്രതിസന്ധി വർദ്ധിപ്പിച്ചു. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. താത്കാലിക ജനറേറ്റർ ഉടൻ എത്തിക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. കെ.എസ്.ഇ.ബിയുടെ ഭാഗത്ത് വീഴ്ചകളില്ലെന്ന് അവർ വ്യക്തമാക്കി.