തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ പഠന നിലവാരം പരിശോധിക്കുന്ന നാഷനൽ അച്ചീവ്മെന്റ് സർവേക്ക് (എൻ.എ.എസ്) മുന്നോടിയായുള്ള മോഡൽ പരീക്ഷയിൽ സംസ്ഥാനത്തെ വിദ്യാർഥികളുടെ പ്രകടനം ശരാശരിക്കും താഴെയെന്ന് കണക്കുകൾ. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്.
മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾ സയൻസ്, ഗണിതം എന്നിവയിൽ പിറകിലാണെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. കേരളത്തെ മുൻപന്തിയിലെത്തിക്കാൻ ആവശ്യമായ പരിശീലനം ഉൾപ്പെടെ നൽകണമെന്നും മന്ത്രി നിർദേശിച്ചു. കേരളത്തിലെ പരീക്ഷാരീതിയിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എന്നിവരും യോഗത്തിൽ പങ്കെടുത്തു.”