ഇംഫാൽ: സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മണിപ്പൂര്‍ ഗവർണർ ലക്ഷ്മണ്‍ ആചാര്യ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ ഗുവാഹത്തിയിലേക്ക് നീങ്ങിയതായാണ് വിവരം. ഗവർണറുടെ കൂടി സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടക്കാനിരിക്കേയാണ് നീക്കം. അതേ സമയം ഗവർണർ സംസ്ഥാനം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ രാജ് ഭവന്‍ നിഷേധിച്ചു. അസമിന്‍റെ കൂടി ചുമതല ഗവര്‍ണര്‍ക്കുണ്ടെന്നും, അതിനാല്‍ ഗുവാഹത്തിയിലേക്ക് പോയെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.
കഴിഞ്ഞദിവസം രാജ്ഭവനിലേക്ക് നടന്ന വിദ്യാർത്ഥി പ്രതിഷേധം വലിയ രീതിയിലെ സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. കഴിഞ്ഞ ദിവസത്തെ മാർച്ചിൽ സുരക്ഷാ ജീവനക്കാർ അടക്കം 55 പേർക്ക് പരിക്കേറ്റത്. സംഘർഷത്തിന് പിന്നാലെ മണിപ്പൂർ സർവ്വകലാശാല പിജി, യുജി പരീക്ഷകൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വച്ചിരുന്നു. ഇതുവരെയുള്ള സംഘർഷങ്ങളിൽ 33 പേർ അറസ്റ്റിലായിട്ടുണ്ട്.
സംഘർഷ സാഹചര്യം തുടരുന്ന മണിപ്പൂരിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. സംഘർഷ സാധ്യത കൂടിയ സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഇംഫാലിലാണ് സംഘർഷം വ്യാപിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയ്ക്കിടെ മണിപ്പൂരിൽ വിവിധയിടങ്ങൾ ഉണ്ടായ ആക്രമങ്ങളിൽ 15 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്.