ഉജ്ജയിൻ: യുവതിയ്‌ക്ക് മദ്യം നൽകിയ ശേഷം നടുറോഡിൽ വച്ച് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് യുവതി നടുറോഡിൽ ബലാത്സംഗത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ബുധനാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതിയായ യുവാവ് യുവതിയെ കൂട്ടിക്കൊണ്ടു വന്നത്. തുടർന്ന് യുവതിക്ക് മദ്യം നൽകി. മദ്യലഹരിയിലായ യുവതിയുമായി നടുറോഡിൽവച്ച് ഇയാൾ ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെടുകയായിരുന്നു. ശേഷം പീഡനത്തിനിരയാക്കിയത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ സ്ഥലംവിട്ടു.
വീഡിയോ വൈറലായതോടെ സംഭവം പൊലീസിനരികിലെത്തി. ഇതോടെ യുവാവിനെ തേടി കണ്ടെത്തിയ പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിക്കുകയാണ് ഉണ്ടായതെന്ന് പൊലീസും അറിയിച്ചു.