തിരുവനന്തപുരം: മലയാളിക്ക് ഓണം ആഘോഷിക്കാൻ വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും.
ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം പത്തിന് പത്തനംതിട്ടയിൽ കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളിൽ ഓരോന്നിലും രണ്ട് വീതം 2140 വിപണന മേളകളും 14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക. കേരളമൊട്ടാകെ ആകെ 2154 വിപണന മേളകൾ കുടുംബശ്രീയുടേതായി ഉണ്ടാകും.
ജില്ലാതല വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ട് ലക്ഷം രൂപയും ഗ്രാമ നഗര സി.ഡി.എസുകൾക്ക് 20,000 രൂപ വീതവും നൽകും. ഇതു കൂടാതെ നഗര സി.ഡി.എസുകളിൽ രണ്ടിൽ കൂടുതലായി നടത്തുന്ന ഓരോ വിപണനമേളയ്ക്കും 10,000 രൂപ വീതവും നൽകും.